ജിദ്ദ - ഫുട്പാത്തിലൂടെ കാറോടിച്ച ഈജിപ്തുകാരനെ പതിനഞ്ചു ദിവസം തടവിന് ശിക്ഷിച്ചു. ഇയാളുടെ കാർ ഒരു മാസത്തേക്ക് കസ്റ്റഡിയിൽ സൂക്ഷിക്കാനും ഉത്തരവിട്ടു. ഗതാഗത നിയമം അനുസരിച്ചുള്ള പിഴകളും ചുമത്തിയിട്ടുണ്ട്. കൂടാതെ വിദേശിക്കെതിരെ കൂടുതൽ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് കേസ് ഫയൽ ജിദ്ദ ഗവർണറേറ്റിന് സമർപ്പിക്കാനും പ്രത്യേക അതോറിറ്റി വിധിച്ചു.
ഫുട്പാത്തിലൂടെ കാറോടിച്ചതു മൂലം പൊതുവസ്തുവകകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള നഷ്ടപരിഹാരവും ഈടാക്കും. ഗതാഗത നിയമ ലംഘനങ്ങളിൽ തീർപ്പ് കൽപിക്കുന്ന അതോറിറ്റിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.
റോഡിലെ കടുത്ത തിരക്ക് മറികടക്കുന്നതിന് ഫുട്പാത്തിലൂടെ വിദേശി കാറോടിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. തുടർന്നാണ് സംഭവത്തിൽ അന്വേഷണം നടത്തി നിയമ ലംഘകനെ ട്രാഫിക് പോലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ഫുട്പാത്തിലുണ്ടായിരുന്ന യുവതിയുടെയും മക്കളുടെയും ജീവൻ അപകടത്തിലാക്കും വിധമാണ് വിദേശി ഫുട്പാത്തിലൂടെ കാറോടിച്ചത്.