പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡ്രൈവര്‍ക്ക് 25 വര്‍ഷം കഠിന തടവും പിഴയും

മഞ്ചേരി- സ്‌കൂളില്‍ പോകുകയായിരുന്ന പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ക്ക് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി 25 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.  നിലമ്പൂര്‍ ഭൂദാനം പനയംചാല്‍ അടുപ്പുകല്ലിങ്കല്‍ ബെന്‍സി (34)നെയാണ് ജില്ലാ ജഡ്ജി കെ.പി സുധീര്‍ ശിക്ഷിച്ചത്.  
2013 ഓഗസ്റ്റ് അഞ്ചിന് രാവിലെ ഒമ്പതു മണിക്കാണ് കേസിന്നാസ്പദമായ സംഭവം. സ്‌കൂളില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി മുരുകാഞ്ഞിരത്ത് സ്വന്തം ഓട്ടോയില്‍ ബലമായി പിടിച്ചുകയറ്റി തട്ടി കൊണ്ടു പോകുകയായിരുന്നു. കവളപ്പാറ റബര്‍ തോട്ടത്തിലെ ആളൊഴിഞ്ഞ ഷെഡില്‍ എത്തിച്ച ശേഷം മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അവശ നിലയിലായ പെണ്‍കുട്ടിയെ പ്രതി ആശുപത്രി പരിസരത്ത് കൊണ്ടു പോയി ഉപേക്ഷിക്കുകയായിരുന്നു. പോത്തുകല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.  
പീഡനത്തിനിരയാകുന്ന കുട്ടികള്‍ക്കുള്ള സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍നിന്ന് രണ്ടു ലക്ഷം രൂപ ഇരക്ക് ലഭ്യമാകാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
26 സാക്ഷികളില്‍ 15 പേരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാജു ജോര്‍ജ് കോടതി മുമ്പാകെ വിസ്തരിച്ചു. 20 രേഖകളും ഹാജരാക്കി.

 

Latest News