ചൈന ഞങ്ങളുടെ ഏറ്റവും പ്രധാന പങ്കാളി- താലിബാന്‍

കാബൂള്‍- ചൈനയെ തങ്ങളുടെ ഏറ്റവും പ്രധാന പങ്കാളിയായി പ്രഖ്യാപിച്ച് താലിബാന്‍. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണത്തിനും രാജ്യത്തെ സമ്പന്നമായ ചെമ്പു ശേഖരത്തെ ഉപയോഗപ്പെടുത്താനും ചൈനയുടെ സഹായം തേടാനാണ് ആഗ്രഹിക്കുന്നതെന്ന് വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. ചൈനയെ ആഫ്രിക്ക, ഏഷ്യ, യുറോപ് എന്നീ മേഖലകളുമായി ബന്ധിപ്പിക്കുന്ന ചൈനയുടെ വന്‍കിട പദ്ധതിയായ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിക്ക് താലിബാന്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിപുലമായ റോഡ്, റെയില്‍, വ്യവസായ പാര്‍ക്കുകളുടെ ശൃംഖലയാണീ പദ്ധതി. ഈ പദ്ധതിയിൽ പാക്കിസ്ഥാനും ചൈനയുടെ പ്രധാന പങ്കാളിയാണ്.

അഫ്ഗാനില്‍ വന്‍ നിക്ഷേപം നടത്താന്‍ ചൈന തയാറാണ്. ഇത് വലിയ അവസരമാണ് തുറന്നു നല്‍കുന്നതെന്നും ഒരു ഇറ്റാലിയന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ സബീഹുല്ല പറഞ്ഞു. അഫ്ഗാനില്‍ സമ്പുഷ്ടമായ ചെമ്പു ഖനികളുണ്ട്. ചൈനയുടെ സഹായത്തോടെ ഇവയുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കാനും ആധുനികവല്‍ക്കരിക്കാനും കഴിയും. ലോകത്തൊട്ടാകെയുള്ള വിപണികളിലേക്കുള്ള ഞങ്ങളുടെ മാര്‍ഗമാണ് ചൈന- സബീഹുല്ല പറഞ്ഞു.

താലിബാന്റെ തിരിച്ചുവരവിനു പിന്നാലെ ചൈനയുടെ അഫ്ഗാന്‍ നയം താലിബാനെ അനുകൂലിക്കുന്നതാണ്. പുതിയ താലിബാന്‍ സര്‍ക്കാര്‍ രാജ്യത്തെ ആഭ്യന്തര കാര്യങ്ങളിലും വിദേശ നയങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും തീവ്രവാദ ശക്തികളെ ചെറുക്കുമെന്നും മറ്റ് രാജ്യങ്ങളുമായും അന്താരാഷ്ട്ര സമൂഹവുമായും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ചൈന  പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
 

Latest News