പട്‌ന- ബിഹാറിലെ ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡല്‍ ട്രയ്‌നിനുള്ളില്‍ അടിവസ്ത്രം മാത്രം ധരിച്ച് അങ്ങോട്ടുമിങ്ങോട്ടും നടന്നത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. പട്‌നയില്‍ നിന്നും ന്യൂദല്‍ഹിയിലേക്കുള്ള തേജസ് രാജധാനി എക്‌സ്പ്രസിലാണ് എംഎല്‍എ അല്‍പ്പവസ്ത്രം ധരിച്ച് നടന്നത്. ഈ പെരുമാറ്റത്തെ ചില യാത്രക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ അവര്‍ക്കെതിരെ എംഎല്‍എ ആക്രോഷിക്കുകയും വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ പ്രശ്‌നം വഷളായി. ഗോപാല്‍ മണ്ഡല്‍ എംഎല്‍എ ആണെന്ന് യാത്രക്കാര്‍ തിരിച്ചറിഞ്ഞിരുന്നില്ല. പരാതിപ്പെട്ട ഒരു സഹയാത്രികനെ എംഎല്‍എ അടിക്കാന്‍ ശ്രമിക്കുകയും മറ്റു യാത്രക്കാരെ തെറിവിളിക്കുകയും ചെയ്തു. വെടിവെക്കുമെന്ന് എംഎല്‍എ ഭിഷണിപ്പെടുത്തിയപ്പോള്‍ സഹയാത്രികനായ പ്രഹ്‌ളാദ് പാസ്വാന്‍ റെയില്‍വെ പ്രോട്ടക്ഷന്‍ ഫോഴ്‌സിനു പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ആര്‍പിഎഫ് ഇടപെട്ട് എംഎല്‍എയെ മറ്റൊരു കമ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റിയിരുത്തി.
യാത്രയ്ക്കിടെ തന്റെ വയറിന് അസ്വസ്ഥത ഉണ്ടായിരുന്നതിനാലാണ് അടിവസ്ത്രമിട്ട് ട്രെയ്‌നില്‍ നടന്നതെന്ന് ഗോപാല്‍ മണ്ഡല്‍ പിന്നീട് വിശദീകരിച്ചു. എംഎല്‍എയെ പ്രതിരോധിച്ച് അദ്ദേഹത്തിന്റെ സുഹൃത്തായ കുനാല്‍ സിങും രംഗത്തെത്തി. ട്രെയ്‌നില്‍ കയറിയ ഉടന്‍ അദ്ദേഹത്തിന് തിടുക്കത്തില്‍ ടോയ്‌ലെറ്റില്‍ പോകേണ്ടി വന്നു. അതാണ് അടിവസ്ത്രം മാത്രം ധരിച്ച് അദ്ദേഹം പോകാന്‍ കാരണം. ഇത് കണ്ട ഒരു സഹയാത്രികന്‍ അനാവശ്യമായി സംസാരിച്ചു. എംഎല്‍എ മറുപടി പറഞ്ഞില്ല. പിന്നീട് ടോയ്‌ലെറ്റില്‍ നിന്ന് പുറത്തു വന്ന ശേഷമാണ് എംഎല്‍എ മറുപടി കൊടുത്തത്. പ്രഹ്‌ളാദ് പാസ്വാന്‍ എന്ന യാത്രക്കാരന്‍ ആരോപിക്കുന്ന പോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നും കുനാല്‍ സിങ് അവകാശപ്പെട്ടു.
സംഭവം ആര്‍പിഎഫും ടിടിഇയും ഇടപെട്ട് രമ്യമായി പരിഹരിച്ചിട്ടുണ്ട് എന്നായിരുന്നു ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ പ്രതികരണം.
#WATCH I was only wearing the undergarments as my stomach was upset during the journey: Gopal Mandal, JDU MLA, who was seen in undergarments while travelling from Patna to New Delhi on Tejas Rajdhani Express train yesterday pic.twitter.com/VBOKMtkNTq
— ANI (@ANI) September 3, 2021