Sorry, you need to enable JavaScript to visit this website.

മോഡിയുടെ വരവിനുശേഷം രാജ്യത്ത് വലിയ ഭീകരാക്രമണങ്ങളില്ല- രാജ്‌നാഥ് സിംഗ്

അഹമ്മദാബാദ്- നരേന്ദ്ര മോഡി 2014ല്‍ അധികാരമേറ്റതിനു ശേഷം രാജ്യത്ത് ഒരു വലിയ ഭീകരാക്രമണം പോലും നടന്നിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെ ഭീകരര്‍ ഭയപ്പെടുന്നുണ്ടെന്നുംഅദ്ദേഹം അവകാശപ്പെട്ടു. നര്‍മ്മദ ജില്ലയിലെ കെവാഡിയയില്‍ നടന്ന ത്രിദിന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന്റെ രണ്ടാം ദിവസം ഗുജറാത്ത് ബി.ജെ.പി നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. എന്തുതന്നെയായാലും, ഞങ്ങള്‍ ഭീകരരെ വിജയിക്കാന്‍ അനുവദിക്കില്ല. ജമ്മു കശ്മീരിനെപ്പറ്റി മറന്നേക്കൂ, മോഡിജിയുടെ വരവിനു ശേഷം രാജ്യത്തിന്റെ ഒരു ഭാഗത്തും വലിയ ഭീകരാക്രമണം നടന്നിട്ടില്ല. ഇതാണ് ഞങ്ങളുടെ പ്രധാനനേട്ടം. തീവ്രവാദികള്‍ ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാരിനെ ഭയപ്പെടുന്നതായി തോന്നുന്നു. ഇതൊരു ചെറിയ കാര്യമല്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
തങ്ങളുടെ സുരക്ഷിത താവളങ്ങളില്‍ പോലും തങ്ങള്‍ സുരക്ഷിതരല്ലെന്ന് ഭീകരര്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. ഉറി ആക്രമണത്തിന് ശേഷം നമ്മള്‍ ചെയ്തത്, ഇവിടെയും ആവശ്യമെങ്കില്‍ അതിര്‍ത്തി കടന്നും നമുക്ക് ഭീകരരെ കൊല്ലാന്‍ കഴിയുമെന്ന് ലോകത്തിന് വ്യക്തമായ സന്ദേശം നല്‍കിയെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേയും രാജ്‌നാഥ് സിങ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസ് അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടും രാജ്യത്ത് റഫാല്‍ വിമാനങ്ങള്‍ പറന്നിറങ്ങിയെന്നും എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് ഇതുവരെ പറന്നുയരാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പരിഹസിച്ചു.
 

Latest News