ആരോപണം പച്ചക്കള്ളം; ബിനോയിക്ക് സി.പി.എമ്മും സര്‍ട്ടിഫിക്കറ്റ് നല്‍കി

തിരുവനന്തപുരം- സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകന്‍ ബിനോയി കോടിയേരിക്കെതിരായ ആരോപണങ്ങള്‍ വ്യജമാണെന്ന്  സി പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്.
പതിവ് കമ്മ്യൂണിസ്റ്റ് വിരോധം വെച്ച് സമ്മേളന കാലയളവില്‍ മലയാള മാധ്യമങ്ങള്‍ പടച്ചുവിടുന്ന കള്ളക്കഥയിലെ അവസാനത്തെ ഏടായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ ആവേശത്തോടെ ചര്‍ച്ചയാക്കിയ കോടിയേരിയുടെ മകന്റെ പേരിലുള്ള സാമ്പത്തിക ക്രമക്കേട് എന്ന ആരോപണം. ബിനോയ് കോടിയേരിയുടെ പേരില്‍ ഇന്നലെ നല്‍കിയ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റോടെ ഇത് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
ബിനോയ് കോടിയേരിക്കെതിരായ ആരോപണം വലിയ വാര്‍ത്തയായതോടെയാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ സി.പി.എം സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്. ബിനോയ് കോടിയേരിയുടെ പേരില്‍ യാതൊരു കേസും ദുബായില്‍ നിലവിലില്ലെന്ന് ദുബായ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആക്ടിങ്ങ് ഡയറക്ടര്‍ ജനറല്‍ സലീം ഖലീഫ അലി ഖലീഫ അല്‍ റുമൈത്തി നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാണ്. വന്‍ ഗൂഢാലോചനയുടെ ഫലമാണ് ആരോപണങ്ങള്‍. 2003 മുതല്‍ ദുബായില്‍ ജീവിച്ചുവരുന്ന ബിനോയിക്കെതിരെ ദുബായില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനം ഉന്നയിച്ചെന്ന് പറയുന്ന ആരോപണം അടിസ്ഥാനമാക്കി കോടിയേരിക്കും സി.പി.എമ്മിനുമെതിരെ ഒരു വിഭാഗം മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണ്.
ബിനോയിക്കെതിരെ സാമ്പത്തിക ഇടപാടിന്റെ പേരില്‍ ഒരു കേസും ഇന്ത്യയിലൊരിടത്തും നിലവില്‍ ഇല്ല. തന്റെ പേരില്‍ ദുബായിലും ഏതെങ്കിലും തരത്തിലുള്ള കേസുകളോ യാത്രാവിലക്കോ നിലവിലില്ലെന്ന് ബിനോയ് തന്നെ വ്യക്തമാക്കിയതാണ്. മറിച്ചാണെന്ന് തെളിയിക്കുന്ന ഒരു രേഖയും ഒരു മാധ്യമവും ഉദ്ധരിച്ചിട്ടില്ല. ദുബായില്‍ നടന്ന സാമ്പത്തിക ഇടപാട് സംബന്ധിച്ച് പരാതികളുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു വിദേശ രാജ്യത്ത് നടന്നുവെന്ന് പറയപ്പെടുന്ന സാമ്പത്തിക ഇടപാടില്‍ കേരള സര്‍ക്കാരിനോ, കേരളത്തിലെ സി.പി.എമ്മിനോ യാതൊന്നും ചെയ്യാനില്ല. ഇത് മറച്ചുവെച്ച് കോടിയേരി ബാലകൃഷ്ണനും സി.പി.എമ്മിനുമെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതും അതിന്മേല്‍ ചര്‍ച്ച സംഘടിപ്പിക്കുന്നതും ദുരുദ്ദേശപരമാണ്.
രണ്ട് കക്ഷികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച ഏതെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അത് സി.പി.എമ്മിനെ അടിക്കാനുള്ള വടിയായി ഉപയോഗിച്ചത് രാഷ്ട്രീയ ഗൂഢാലോചനയാണ്. മാധ്യമങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ യാതൊരു ബന്ധവുമില്ലാത്ത, കോടിയേരി ബാലകൃഷ്ണനെതിരെ ഉന്നയിക്കുന്ന ബാലിശമായ ആരോപണങ്ങള്‍ തള്ളിക്കളയണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.  മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടേറിയറ്റില്‍ കോടിയേരി ബാലകൃഷ്്ണന്‍ വിശദീകരണം നല്‍കി. മകനെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും സാമ്പത്തിക ഇടപാടുകളെല്ലാം പരിഹരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ സഹിതമാണ് ബിനോയിയുടെ സാമ്പത്തിക ഇടപാടിനെ കുറിച്ച് കോടിയേരി സെക്രട്ടറിയേറ്റില്‍ വിശദീകരിച്ചത്.

 

 

Latest News