പോലീസുകാരനോട് തട്ടിക്കയറി; വനിതാ കൗണ്‍സിലര്‍ക്കെതിരെ കേസ്

തൃശൂര്‍ - ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ച തൃശൂര്‍ കോര്‍പറേഷന്‍ വനിതാ കൗണ്‍സിലറെ തടഞ്ഞ പോലീസുദ്യോഗസ്ഥനോട് തട്ടിക്കയറി കയര്‍ത്ത കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലാലി ജെയിംസിനെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തു. മൂന്നു ദിവസം മുന്‍പാണ് സംഭവമുണ്ടായത്.
കാര്യാട്ടുകര ഡിവിഷന്‍ കൗണ്‍സിലറായ ലാലി ജെയിംസിനെതിരെ പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് കോര്‍പറേഷന്‍ ഓഫീസിനു സമീപം വെച്ച് ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ലാലി ജെയിംസിനെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ തടഞ്ഞു. താന്‍ കൗണ്‍സിലറാണെന്ന് പറഞ്ഞപ്പോള്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് കുറ്റകരമാണെന്ന് മറുപടി പറഞ്ഞ പോലീസുകാരനോട് കൗണ്‍സിലര്‍ തട്ടിക്കയറുകയായിരുന്നുവത്രെ. ഇതോടെ പിഴയടക്കണമെന്ന് പോലീസുകാരന്‍ ആവശ്യപ്പെട്ടതോടെ കൗണ്‍സിലര്‍ മോശമായി പെരുമാറുകയും പോലീസുകാരനു നേരെ ക്ഷോഭിക്കുകയും ചെയ്തത്രെ. ് ട്രാഫിക് പോലീസുകാരന്റെ പരാതിയിലാണ് ഈസ്റ്റ് പോലീസ് കേസെടുത്തത്.
നേരത്തെ ഇതേ കൗണ്‍സിലര്‍ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഒ.പി വിഭാഗത്തില്‍ ചെന്ന് മാസ്‌ക് ധരിക്കാന്‍ നിര്‍ദേശിച്ച ഡോക്ടറോട് അപമര്യാദയായി പെരുമാറുകയും തട്ടിക്കയറുകയും അസഭ്യം വിളിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു.

 

Latest News