Sorry, you need to enable JavaScript to visit this website.

കുവൈത്തിൽ യുവാവ് സഹോദരിയെ കഴുത്തറുത്തുകൊന്നു

കുവൈത്ത് സിറ്റി - രാജ്യത്തെയാകെ ഞെട്ടിച്ച്, അൽജഹ്‌റ ഗവർണറേറ്റിൽ പെട്ട തൈമാ ഏരിയയിൽ യുവാവ് സഹോദരിയെ കഴുത്തറുത്തു കൊലപ്പെടുത്തി. ഏതു സമയവും കൊലപ്പെടുത്തിയേക്കാവുന്ന സഹോദരിൽ നിന്ന് തന്നെ രക്ഷിക്കണമെന്ന് അപേക്ഷിച്ചും സഹായം തേടിയും യുവതി ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് വീട്ടിൽ പോലീസുകാർ എത്തിയ സമയത്താണ് യുവാവ് അതിനിഷ്ഠൂരമായ കൊലപാതകം നടത്തിയത്. 
യുവതിയെ സ്വന്തം വീട്ടിൽ രണ്ടു മാസം ബന്ദിയാക്കിയ യുവാവ് പിന്നീട് സഹോദരിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്താനും തുടങ്ങി. കഴിഞ്ഞ ദിവസം സഹോദരന്റെ കണ്ണിൽ പെടാതെ പോലീസുമായി ഫോണിൽ ബന്ധപ്പെടാൻ യുവതിക്ക് സാധിച്ചു. സഹോദരൻ ഏതു നിമിഷവും തന്നെ കൊലപ്പെടുത്തിയേക്കുമെന്ന് യുവതി പോലീസിൽ അറിയിച്ചു. ഇതനുസരിച്ച് ഇവരുടെ വീട്ടിലെത്തിയ പോലീസുകാർ സഹോദരി ജീവിച്ചിരിപ്പുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അറിയിച്ചു. ഇതോടെ വീട്ടിനകത്തേക്ക് കയറിപ്പോയ യുവാവ് സഹോദരിയെ കഴുത്തറുത്തു കൊല്ലുകയായിരുന്നു. കൃത്യത്തിനു ശേഷം പ്രതി പോലീസുകാർക്കു മുന്നിൽ കീഴടങ്ങി. 36 കാരനായ പ്രതി ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്ത ബിദൂൻ വിഭാഗത്തിൽ പെട്ടയാളാണ്. 
ഇതേ പ്രദേശത്ത് കഴിഞ്ഞ ദിവസം പോലീസുകാരന്റെ വെടിയേറ്റ് കുവൈത്തി യുവാവ് കൊല്ലപ്പെട്ടിരുന്നു. പോലീസുകാരന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കവെയാണ് യുവാവിന് വെടിയേറ്റത്. സംഭവത്തിൽ ആഭന്തര മന്ത്രാലയം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അൽജഹ്‌റയിൽ വെച്ച് രണ്ടംഗ സംഘം സഞ്ചരിച്ച കാർ സംശയം തോന്നി രണ്ടു പോലീസുകാർ തടഞ്ഞുനിർത്താൻ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. നിർത്താനുള്ള നിർദേശം അവഗണിച്ച് ഇരുവരും തൈമാ ഏരിയയിലേക്ക് രക്ഷപ്പെട്ടു. ഇവിടെ വെച്ച് കാറിൽ നിന്ന് ഇറങ്ങി ഇരുവരും അടച്ച റോഡിലേക്ക് പ്രവേശിച്ചു. ഈ റോഡു വഴി രക്ഷപ്പെടാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ ഇരുവരും തിരികെയെത്തി പോലീസുകാരെ ചെറുക്കാൻ ശ്രമിക്കുകയായിരുന്നു. 
ഇതിനിടെ പ്രതികളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച് പോലീസുകാരിൽ ഒരാൾ ആകാശത്തേക്ക് നിറയൊഴിച്ചു. ഇതോടെ യുവാക്കളിൽ ഒരാൾ ഓടിരക്ഷപ്പെടുകയും രണ്ടാമൻ പോലീസുകാരനുമായി ബലപ്രയോഗം നടത്തി തോക്ക് പിടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ തോക്ക് പൊട്ടി യുവാവിന് നെഞ്ചിന് വെടിയേൽക്കുകയും ആശുപത്രിയിൽ വെച്ച് അന്ത്യശ്വാസം വലിക്കുകയുമായിരുന്നു. യുവാക്കളുടെ കാറിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നും മയക്കുമരുന്ന് തൂക്കുന്നതിനുള്ള ചെറിയ തുലാസും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെത്തി. 
 

Latest News