ജിദ്ദ - മക്ക പ്രവിശ്യയിലെ അൽഖുർമയിലെ മൻസൂറ, മസറ സ്വർണ ഖനിയിൽ ഡെപ്യൂട്ടി വ്യവസായ, ധാതുവിഭവ മന്ത്രി എൻജിനീയർ ഖാലിദ് അൽമുദൈഫിറിന്റെ സന്ദർശനം. പൊതുമേഖലാ സ്ഥാപനമായ സൗദി അറേബ്യൻ മൈനിംഗ് കമ്പനിക്കു കീഴിലുള്ള മൻസൂറ സ്വർണ ഖനി 330 കോടി റിയാൽ ചെലവഴിച്ചാണ് സജ്ജീകരിക്കുന്നത്. അടുത്ത വർഷം മധ്യത്തോടെ മൻസൂറ സ്വർണ ഖനി പൂർണ ശേഷിയിൽ പ്രവർത്തിപ്പിക്കാനാകുമെന്നാണ് കരുതുന്നത്.
സൗദിയിലെ ഏറ്റവും വലിയ സ്വർണ ഖനി പദ്ധതികളിൽ ഒന്നാണിത്. രണ്ടര ലക്ഷം ഔൺസ് സ്വർണവും വെള്ളിയും ഉൽപാദിപ്പിക്കാൻ മൻസൂറ ഖനിക്ക് ശേഷിയുണ്ടെന്നാണ് കരുതുന്നത്. നിർമാണ ഘട്ടത്തിൽ ഖനിയിൽ 4,500 പേർ ജോലി ചെയ്യുന്നു. ഇക്കൂട്ടത്തിൽ 20 ശതമാനം പേർ സൗദികളാണ്. പ്രവർത്തന ഘട്ടത്തിൽ ഖനിയിൽ 900 ഓളം ജീവനക്കാരുണ്ടാകും. ഇക്കൂട്ടത്തിൽ പകുതിയോളം സൗദികളാകും. ഓട്ടോക്ലേവ് സാങ്കേതികവിദ്യയിലാണ് മൻസൂറ ഖനിയിൽ അയിരുകൾ സംസ്‌കരിക്കുക. സ്വർണം പുറത്തെടുക്കുന്നതിനുള്ള സവിശേഷ സാങ്കേതികവിദ്യയായ ഓട്ടോക്ലേവ് ലോകത്ത് അഞ്ചിടങ്ങളിൽ മാത്രമാണ് ഉപയോഗിക്കുന്നത്.