റിയാദ് - കോവിഡ് മഹാമാരി സൃഷ്ടിച്ച ഗുരുതരമായ പ്രതിസന്ധി മൂലം കഴിഞ്ഞ വർഷം 200 ഓളം സ്വകാര്യ സ്‌കൂളുകൾ അടച്ചതായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. സൗദിയിൽ 1,700 സ്വകാര്യ സ്‌കൂളുകളാണുണ്ടായിരുന്നത്. സ്വകാർ, ഇന്റർനാഷണൽ സ്‌കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം ഏഴര ലക്ഷമായി കുറഞ്ഞിട്ടുണ്ട്. കൊറോണ മഹാമാരിക്കു മുമ്പ് ഈ സ്‌കൂളുകളിൽ 10,80,000 വിദ്യാർഥികളുണ്ടായിരുന്നു. സൗദിയിൽ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 13 ശതമാനം വിദ്യാർഥികൾ മാത്രമാണ് സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്നത്. 2030 ഓടെ സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ അനുപാതം 25 ശതമാനമായി ഉയർത്താനാണ് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നത്. സ്വകാര്യ സ്‌കൂളുകളിൽ 70,000 ഓളം സൗദി അധ്യാപകരും 34,000 ഓളം വിദേശ അധ്യാപകരും ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
അതേസമയം, സൗദിവൽക്കരണ തീരുമാനം സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകൾ പാലിക്കുമോയെന്ന കാര്യത്തിൽ നിരീക്ഷകർ സംശയം പ്രകടിപ്പിച്ചു. സൗദി അധ്യാപകർക്ക് അവധിക്കാലത്ത് വേതനം വിതരണം ചെയ്യാതിരിക്കൽ അടക്കം മുമ്പ് സൗദിവൽക്കരണം നിർബന്ധമാക്കിയപ്പോൾ സ്വകാര്യ സ്‌കൂളുകൾ പയറ്റിയ തന്ത്രങ്ങൾ തടയാനും സ്വകാര്യ സ്‌കൂളുകളിൽ സൗദിവൽക്കരണം ഉയർത്താനുള്ള പുതിയ തീരുമാനം ശക്തമായി നടപ്പാക്കാനും ബന്ധപ്പെട്ട വകുപ്പുകൾ പ്രത്യേക നിരീക്ഷണ അതോറിറ്റി സ്ഥാപിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. മറ്റു പല മേഖലകളിലും ജീവനക്കാർക്ക് പ്രൊഫഷനൽ ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്.
മതിയായ യോഗ്യതകളുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് അധ്യാപകർക്കും പ്രൊഫഷനൽ ലൈസൻസ് നിർബന്ധമാക്കണമെന്നാണ് സ്വകാര്യ സ്‌കൂൾ ഉടമകൾ ആഗ്രഹിക്കുന്നതെന്ന് ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സിലെ ദേശീയ സ്വകാര്യ വിദ്യാഭ്യാസ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് അൽഫഹദ് പറഞ്ഞു. സ്വകാര്യ സ്‌കൂളുകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. സൗദി അധ്യാപകർക്ക് പ്രൊഫഷനൽ ലൈസൻസ് വ്യവസ്ഥ ബാധകമാക്കാതിരിക്കുന്നത് വിദ്യാഭ്യാസ ഗുണമേന്മയെ ബാധിക്കുമെന്നും അബ്ദുൽ അസീസ് അൽഫഹദ് പറഞ്ഞു.






