Sorry, you need to enable JavaScript to visit this website.

കരിയറിൽ  തിളങ്ങാൻ  ബനാറസിൽ പഠിക്കാം

ഇന്ത്യയിൽ തന്നെ മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ  പ്രഥമ ഗണത്തിൽ പെടുത്താവുന്ന കേന്ദ്ര സർവകലാശാലയായ  ബനാറസ് ഹിന്ദു  സർവകലാശാലയിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. അഞ്ച് സ്ഥാപനങ്ങൾ, 140 ഡിപ്പാർട്ട്‌മെന്റുകൾ, നാല് ഇന്റർ ഡിസിപ്ലിനറി സെന്ററുകൾ എന്നിവയുടെ ഭാഗമായി ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, ടെക്‌നോളജി, മെഡിസിൻ, സയൻസ്, ഫൈൻ ആർട്‌സ്, പെർഫോമിംഗ് ആർട്‌സ് എന്നീ വിഷയങ്ങളിൽ ഉപരിപഠനത്തിന് മികച്ച അവസരമാണ് ബനാറസ് ഒരുക്കുന്നത്. പഠന, പാഠ്യേതര മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിലെ പഠനാനുഭവം വിദ്യാർത്ഥികൾക്ക് പുതിയ സാധ്യതകളിലേക്കുള്ള വാതിൽ തുറന്നു കൊടുക്കാനുള്ള   സാധ്യതയേറെയാണ്.
ജനറൽ, പ്രൊഫഷണൽ, സ്‌പെഷ്യൽ കോഴ്‌സ് ഓഫ് സ്റ്റഡി, വൊക്കേഷണൽ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നിരവധി കോഴ്‌സുകളാണ് ബനാറസിലുള്ളത്.

പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാവുന്ന കോഴ്‌സുകൾ 

1) ബി.എ (ഹോണേഴ്‌സ്) ആർട്‌സ് 
3) വിവിധ വിഷയങ്ങളിലെ ബാച്ചിലർ ഓഫ് വൊക്കേഷൻ കോഴ്‌സുകൾ 
4) ബി.എ (ഹോണേഴ്‌സ്) സോഷ്യൽ സയൻസ് 
5) ബി.കോം ഹോണേഴ്‌സ് 
6) ബി.കോം ഹോണേഴ്‌സ് ഫിനാൻഷ്യൽ മാർക്കറ്റ് മാനേജ്മന്റ് 
7) ബി.എസ്‌സി (ഹോണേഴ്‌സ്) മാത്‌സ് ഗ്രൂപ്പ് 
8) ബി.എസ്‌സി (ഹോണേഴ്‌സ്) ബയോ ഗ്രൂപ്പ് 
9) ബി.എസ്‌സി (ഹോണേഴ്‌സ്) അഗ്രിക്കൾച്ചർ 
10) ബി.ടെക് ഫുഡ് ടെക്‌നോളജി 
11) ബി.ടെക് ഡയറി ടെക്‌നോളജി 
12) ബാച്ചിലർ ഇൻ വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബന്ററി 
13) എൽ.എൽ.ബി  (ഹോണേഴ്‌സ്)
14) ബി.എ.എൽ.എൽ.ബി (ഹോണേഴ്‌സ്)
15) ബാച്ചിലർ ഇൻ പെർഫോമിംഗ് ആർട്‌സ് 
16 ) ബാച്ചിലർ ഇൻ ഫൈൻ ആർട്‌സ് 
17) ശാസ്ത്രി (ഹോണേഴ്‌സ്)
15 ശതമാനം സീറ്റുകൾ പട്ടിക ജാതിക്കാർക്കും 7.5 ശതമാനം സീറ്റുകൾ പട്ടിക വർഗക്കാർക്കും 27 ശതമാനം മറ്റു പിന്നാക്ക വിഭാഗക്കാർക്കും 10 ശതമാനം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും അഞ്ച് ശതമാനം ഭിന്നശേഷിക്കാർക്കും സംവരണമുണ്ട്. മുകളിൽ കൊടുത്ത കോഴ്‌സുകൾക്ക് പുറമെ ബിരുദാനന്തര ബിരുദ കോഴ്‌സുകളും നിലവിലുണ്ട്.
പ്രവേശനം എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പ്രവേശന പരീക്ഷ നടത്തുന്നത് ഓരോ കോഴ്‌സുകൾക്കും വേണ്ട പ്രവേശന യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾ വെബ്‌സൈറ്റിലുണ്ട്. ബി.എസ്‌സി അഗ്രിക്കൾച്ചർ കോഴ്‌സുകളിലെ 15 സൂപ്പർ ന്യൂമററി സീറ്റുകൾ ഐസിഎആർ പ്രവേശന പരീക്ഷ വഴിയാണ് നികത്തുന്നത്.  ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറി കോഴ്‌സുകളിലെ  പ്രവേശനം നടത്തുന്നത് വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ ആണ്. ഇതിനായി നീറ്റ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടണം. 
കംപ്യൂട്ടർ അടിസ്ഥാനത്തിലുള്ള പ്രവേശന പരീക്ഷയാണുളളത്. ചില കോഴ്‌സുകൾക്കുള്ള പൊതുവായ പ്രവേശന പരീക്ഷ മാറ്റിനിർത്തിയാൽ ഓരോ വിഷയങ്ങൾക്കും പ്രത്യേകം പ്രവേശന പരീക്ഷകളാണുള്ളത്. മൾട്ടിപ്പിൾ ചോയ്‌സ് രീതിയിലുള്ള ചോദ്യങ്ങളാണുണ്ടാവുക. ഓരോ ശരിയുത്തരത്തിനും  നാല് മാർക്ക് വീതവും തെറ്റുത്തരത്തിനു നെഗറ്റീവ് മാർക്കും ഉണ്ടാവും. ഒന്നിലധികം കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർ ഓരോ കോഴ്‌സുകൾക്കും പ്രത്യേകം അപേക്ഷിക്കണം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ അടക്കം രാജ്യത്തെമ്പാടുമായി 185 കേന്ദ്രങ്ങളുണ്ട്. മുൻഗണന അടിസ്ഥാനത്തിൽ നാല് പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കണം. പ്രവേശന പരീക്ഷക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി  സെപ്റ്റംബർ 7 ആണ്. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും https://bhuet.nta.nic.in/ എന്ന വെബ്‌സൈറ്റ് പരിശോധിക്കുക.

നഴ്‌സിംഗും പാരാമെഡിക്കൽ ബിരുദ കോഴ്‌സുകളും 
കേരളത്തിലെ ബി.എസ്‌സി നഴ്‌സിംഗ്, മറ്റു പാരാമെഡിക്കൽ ബിരുദ കോഴ്‌സുകൾ എന്നിവയുടെ പ്രവേശന രീതി വിശദീകരിക്കാമോ?  
സജിത്ത്, കൊല്ലം 

കേരളത്തിലെ നഴ്‌സിംഗ്, മറ്റു പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകൾ എന്നിവയിലേക്ക് പ്രവേശനം നടത്തുന്നത് കേരള  സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയാണ്. ബി.എസ്‌സി നഴ്‌സിംഗ്, ബി.എസ്‌സി  മെഡിക്കൽ  ലബോറട്ടറി ടെക്‌നോളജി, ബി.എസ്‌സി പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്‌സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി, ബി.എസ്‌സി ഒപ്‌റ്റോമെട്രി, ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി, ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച് ലാംഗ്വേജ് പാത്തോളജി, ബാചിലർ ഓഫ് കാർഡിയോ വാസ്‌കുലർ ടെക്‌നോളജി, ബാച്ചിലർ ഓഫ് ഡയാലിസിസ് ടെക്‌നോളജി, ബാച്ചിലർ ഓഫ് ഒക്യൂപേഷണൽ തെറാപ്പി, ബാച്ചിലർ ഓഫ് മെഡിക്കൽ ഇമേജിങ് ടെക്‌നോളജി, ബാച്ചിലർ ഓഫ് റേഡിയോ തെറാപ്പി ടെക്‌നോളജി, ബാച്ചിലർ ഓഫ് ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കാണ് ഇപ്പോൾ പ്രവേശനം നേടാവുന്നത്. 
കേരള യൂനിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ അഫിലിയേഷനോട് കൂടിയാണ് ഈ കോഴ്‌സുകൾ നടത്തുന്നത്. പ്രത്യേകം പ്രവേശന പരീക്ഷ ഇല്ല. പ്ലസ് ടു പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്. ആരോഗ്യ പരിപാലന രംഗത്ത് രോഗനിർണയം, രോഗചികിത്സ തുടങ്ങിയവയുമായി ബന്ധപ്പെട്ട് മേഖലകളിൽ ഡോക്ടർമാരെ സഹായിക്കുക എന്ന ഉത്തരവാദിത്തമാണ് പാരാമെഡിക്കൽ പ്രൊഫഷനലുകളുടെ ദൗത്യം. ചില കോഴ്‌സുകൾ കഴിഞ്ഞാൽ സ്വന്തമായി പ്രാക്ടീസ് ചെയ്യാനും അവസരമുണ്ട്. http://lbscetnre.kerala.go.vin/ എന്ന വെബ്‌സൈറ്റ് വഴി സെപ്റ്റംംബർ 10 വരെ അപേക്ഷ സമർപ്പിക്കാം. ഇതിനു പുറമെ അമൃത സർവകലാശാലയുടെ കീഴിൽ നടത്തുന്ന അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളുടെ ഭാഗമായി വിവിധ പാരാമെഡിക്കൽ ബിരുദ കോഴ്‌സുകൾ നടത്തുന്നുണ്ട്. ഇതിനായി പ്രത്യേകം അപേക്ഷിക്കണം. 

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കരിയർ സംബന്ധമായ സംശയങ്ങൾ [email protected]  എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക. പ്രസക്തമായ സംശയങ്ങൾക്ക് കരിയർ വിദഗ്ധൻ  പി.ടി. ഫിറോസ് ഈ പംക്തിയിലൂടെ മറുപടി നൽകുന്നതാണ്.

Latest News