ശ്രീനഗര്‍- കശ്മീരിലുടനീളം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കും സുരക്ഷാ സന്നാഹങ്ങള്‍ക്കുമിടയില്‍ കശ്മീരി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയെ ഖബറടക്കി. ശ്രീനഗറിലെ അദ്ദേഹത്തിന്റെ വസതിക്കുസമീപമുളള ഖബര്‍സ്ഥാനില്‍ പുലര്‍ച്ച നാലരയോടെ മറവു ചെയ്യുമ്പോള്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്ന് കുടുംബം പരാതിപ്പെട്ടു.
കശ്മീരില്‍ ഇന്ത്യന്‍ ഭരണത്തിനെതിരെ ശക്തമായി നിലകൊണ്ടിരുന്ന ഗീലാനി ദീര്‍ഘകാല രോഗത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് 92 ാം വയസ്സില്‍ അന്തരിച്ചത്.
കശ്മീര്‍ താഴ്‌വരയിലുടനീളം സ്വാധീനമുള്ള നേതാവായതിനാല്‍ സുരക്ഷാ സേന അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. സൈനിക വിന്യാസത്തിനുപുറമെ, മൊബൈല്‍ ഇന്റര്‍നെറ്റിനും ഫോണുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. താമസക്കാരോട് വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളില്‍ ഭൂരിഭാഗവും ജയിലിലോ വീട്ടുതടങ്കലിലോ കഴിഞ്ഞ ഗീലാനി, മറ്റ് കശ്മീരി നേതാക്കള്‍ക്കൊപ്പം ശ്രീനഗറിലെ രക്തസാക്ഷികളുടെ ഖബര്‍സ്ഥാനില്‍ മറവുചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അധികൃതര്‍ ഇക്കാര്യം പരിഗണിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പുലര്‍ച്ചെ മൂന്ന് മണിയോടെ വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ പോലീസ് പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങിയെന്ന് ഗീലാനിയുടെ മകന്‍ നസീം ഗീലാനി എഎഫ്പിയോട് പറഞ്ഞു.






