Sorry, you need to enable JavaScript to visit this website.

റേഷന്‍ കാര്‍ഡും സ്മാര്‍ട്ടായി, ഇനി എ.ടി.എം. കാര്‍ഡ് രൂപത്തില്‍

തിരുവനന്തപുരം- പുസ്തകരൂപത്തിലുള്ള പരമ്പരാഗത റേഷന്‍ കാര്‍ഡിനു പകരം എ.ടി.എം. കാര്‍ഡിന്റെ വലുപ്പത്തില്‍ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് വിതരണത്തിനെത്തുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ആദ്യഘട്ട വിതരണം നടക്കും.
ക്യു.ആര്‍.കോഡും ബാര്‍ കോഡും കാര്‍ഡ് ഉടമയുടെ ചിത്രവും പേരും വിലാസവുമായിരിക്കും കാര്‍ഡിന്റെ മുന്‍വശത്തുണ്ടാവുക. 25 രൂപയാണ് സ്മാര്‍ട്ട് കാര്‍ഡാക്കാന്‍ ഫീസായി നല്‍കേണ്ടത്. മുന്‍ഗണനാ വിഭാഗത്തിന് സൗജന്യമായി നല്‍കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.
തിരിച്ചറിയല്‍ കാര്‍ഡായും ഉപയോഗിക്കാമെന്നതും യാത്രകളില്‍ കരുതാമെന്നതുമാണ് പ്രധാന ഗുണം. പ്രതിമാസ വരുമാനം, റേഷന്‍ കട നമ്പര്‍, വീട് വൈദ്യുതീകരിച്ചതാണോ, എല്‍.പി.ജി. കണക്ഷന്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങള്‍ മറുഭാഗത്തുമുണ്ട്.
താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ടോ സിവില്‍ സപ്ലൈസ് വകുപ്പിന്റെ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായോ സ്മാര്‍ട്ട് കാര്‍ഡിന് അപേക്ഷിക്കാം. താലൂക്ക് സപ്ലൈ ഓഫീസറോ സിറ്റി റേഷനിങ് ഓഫീസറോ അംഗീകരിച്ചാല്‍ കാര്‍ഡ് അപേക്ഷകന്റെ ലോഗിന്‍ പേജിലെത്തും. പി.ഡി.എഫ്. രൂപത്തിലുള്ള കാര്‍ഡിന്റെ പ്രിന്റൗട്ട് എടുത്ത് ഉപയോഗിക്കാം. അറിയിപ്പ് ലഭ്യമാകുമ്പോള്‍ ഓഫീസിലെത്തി സ്മാര്‍ട് കാര്‍ഡ് കൈപ്പറ്റാം.
ടി.എസ്.ഒ. ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ ഫോണ്‍ നമ്പറും കാര്‍ഡില്‍ രേഖപ്പെടുത്തും. മുന്‍ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്ത ഇറേഷന്‍ കാര്‍ഡ് പരിഷ്‌കരിച്ചാണ് സ്മാര്‍ട്ട് കാര്‍ഡ് ഇറക്കുന്നത്. കടകളില്‍ ഇപോസ് മെഷീനൊപ്പം ക്യു.ആര്‍. കോഡ് സ്‌കാനറുംവെക്കും. സ്‌കാന്‍ ചെയ്യുമ്പോള്‍ വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിയും. റേഷന്‍ വാങ്ങുന്ന വിവരം ഗുണഭോക്താവിന്റെ മൊബൈലില്‍ ലഭിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനം.
 

Latest News