ന്യൂദല്‍ഹി- പാചകവാതക, ഇന്ധന വില വര്‍ധനകളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുമായി രാഹുല്‍ ഗാന്ധി. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍, പാചക വാതക വില വര്‍ധനയിലൂടെ സര്‍ക്കാര്‍ 23 ലക്ഷം കോടി രൂപയാണ് ഉണ്ടാക്കിയത്. ഈ വരുമാനവും ജിഎസ്ടിയും സേവന നികുതിയും കേന്ദ്ര സര്‍ക്കാരിന്റെ ചങ്ങാതികളായ കുത്തകകള്‍ക്കു മാത്രമാണ് ലഭിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
പെട്രോള്‍, ഡീസല്‍, പാചക വില വര്‍ധനയുടെ ഫലം മാത്രമാണ് ജിഡിപിയില്‍ കാണിക്കുന്ന വര്‍ധനയെന്ന് രാഹുല്‍ വിമര്‍ശിച്ചു. യുപിഎ സര്‍ക്കാര്‍ അധികാരം വിടുമ്പോള്‍ ഒരു പാചകവാതക സിലിണ്ടറിന്റെ വില 410 രൂപയായിരുന്നു. ഇന്ന് അത് 885 രൂപയായി. 116 ശതമാനമാണ് വിലയില്‍ വര്‍ധന. പെട്രോളിന്റെ വില ഇക്കാലയളവില്‍ 42 ശതമാനവും ഡീസല്‍ വില 55 ശതമാനവും വര്‍ധിച്ചുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര വിപണിയെ ആശ്രയിച്ചാണ് ഇന്ധന വില വര്‍ധിക്കുന്നതെന്നാണ് ന്യായീകരിക്കുന്നത്. എന്നാല്‍ 2014 മുതല്‍ അന്താരാഷ്ട്ര വിലയില്‍ ഇടിവുണ്ടായിട്ടും ഇന്ത്യയില്‍ ഇന്ധനവില വര്‍ധിക്കുകയായിരുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
സാമ്പത്തിക രംഗത്തെ വിലയിരുത്തുകയാണെങ്കില്‍ 1990 ല്‍ ഉണ്ടായിരുന്ന അവസ്ഥയേക്കാള്‍ ഇന്ത്യ ഇന്ന് ഏറെ പിന്നോട്ടു പോയിരിക്കുന്നു. അക്കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ത്യയുടെ കാഴ്ചപ്പാട് തന്നെ മാറ്റിയിരുന്നു. എന്നാല്‍, അതൊന്നും തന്നെ ഇപ്പോള്‍ സംഭവിക്കുന്നേയില്ല. 1991 മുതല്‍ 2012 വരെയുണ്ടായിരുന്ന സമ്പദ്ഘടന ഇപ്പോള്‍ അനക്കമില്ലാതെ നില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ കാലത്തു 2012 ലും സാമ്പത്തിക രംഗത്ത് പ്രതികൂല വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നു എന്നത് ഉള്‍ക്കൊള്ളുന്നു. എന്നാല്‍ നരേന്ദ്ര മോഡി അധികാരത്തില്‍ എത്തിയ ശേഷം എല്ലാത്തിലും അടിമുടി മാറ്റം ഉണ്ടാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഇതാണോ ഇന്ത്യന്‍ യുവതയുടെ ഭാവി എന്ന് ചോദിക്കുകയാണ്. ജിഎസ്ടിയില്‍ നിന്ന് നേട്ടമുണ്ടായില്ല. കാര്‍ഷിക നിയമങ്ങള്‍ ഉപകാരപ്പെടുന്നതല്ല. രാജ്യത്തെ യുവാക്കളെല്ലാം തന്നെ ഇക്കാര്യങ്ങളെക്കുറിച്ചു ചിന്തിക്കണമെന്ന് രാഹുല്‍ പറഞ്ഞു.






