ന്യൂദല്‍ഹി- ഇന്ത്യയില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡ് ബാധിക്കുന്നത് പ്രതീക്ഷിക്കുന്ന തോതില്‍ മാത്രമാണെന്ന് ഇന്ത്യന്‍ ജെനോമിക്‌സ് കണ്‍സോര്‍ഷ്യം (ഐഎന്‍എസ്എസിഒജി) വ്യക്തമാക്കി. ഇത്തരം കേസുകളെ ബ്രേക്ക്ത്രൂ കോവിഡ് അണുബാധയെന്നാണ് വിളിക്കുന്നത്. വാക്‌സിനേഷന്‍ രോഗം ഗുരുതരമാകുന്നതില്‍നിന്ന് സംരക്ഷണം നല്‍കുന്നുവെന്ന കാര്യം സര്‍ക്കാര്‍ രൂപീകരിച്ച കണ്‍സോര്‍ഷ്യം അതിന്റെ ബുള്ളറ്റിനില്‍ പറഞ്ഞു. ഇന്ത്യയിലും ആഗോള തലത്തിലും കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് തുടരുന്നത്. കുത്തിവെപ്പ് നടത്തിയതിനു ശേഷവും ഒരാള്‍ക്ക് കോവിഡ് ബാധിക്കുന്നതാണ് ബ്രേക്ക് ത്രൂ കേസ്.
മൊത്തം രോഗബാധയില്‍ ഇത്തരം കേസുകള്‍ പ്രതീക്ഷിച്ച തോതില്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഗുരുതര രോഗങ്ങളെ തടയുന്ന വാക്‌സിന്‍ തന്നെയാണ് പൊതജനാരോഗ്യ സ്ട്രാറ്റജിയില്‍ സുപ്രധാനമെന്ന് ബുള്ളറ്റിനില്‍ എടുത്തു പറഞ്ഞു.