Sorry, you need to enable JavaScript to visit this website.

ഗോസംരക്ഷണം ഹിന്ദുക്കളുടെ മൗലികവകാശമായി പ്രഖ്യാപിക്കണം- അലഹബാദ് ഹൈക്കോടതി

അലഹബാദ്- പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും പശു സംരക്ഷണം ഹിന്ദുക്കളുടെ മൗലികാവകാശമാക്കണമെന്നും അലഹബാദ് ഹൈക്കോടതി ഉത്തരവ്. രാജ്യത്തിന്റെ സംസ്‌കാരത്തിനും വിശ്വാസത്തിനും ഹാനിയുണ്ടാകുമ്പോള്‍ രാജ്യം ദുര്‍ബലമാകുമെന്നും വിവാദ ഉത്തരവില്‍ കോടതി വ്യക്തമാക്കി. പശുവിനെ കശാപ്പ് ചെയ്ത കേസില്‍ ജാവേദ് എന്നയാള്‍ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
മൗലികാവകാശം ബീഫ് ഭക്ഷിക്കുന്നവരുടെ മാത്രം സവിശേഷ അവകാശമല്ലെന്നും പശുവിനെ ആരാധിക്കുന്നവര്‍ സാമ്പത്തികമായും അതിനെ ആശ്രയിക്കുന്നവരാണെന്നും അവര്‍ക്കും അര്‍ഥപൂര്‍ണമായ ജീവിതം നയിക്കാന്‍ അവകാശമുണ്ടെന്നും ഹൈക്കോടതി വിശദീകരിച്ചു. കൊല്ലാനും തിന്നാനുമുള്ള അവകാശത്തിനു മുകളിലാണ് ജീവിക്കാനുള്ള അവകാശമെന്നും ബീഫ് ഭക്ഷിക്കുന്നത് മൗലികാവകാശമായി പരിഗണിക്കപ്പെട്ടുകൂടെന്നും കോടതി വ്യക്തമാക്കിയതായി ലൈവ് ലോ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രായമേറിയാലും രോഗം ബാധിച്ചാലും പശു പ്രയോജനം ചെയ്യുന്നുണ്ട്. ഗോമൂത്രവും ചാണകവും കൃഷിക്കു മാത്രമല്ല, മരുന്നുണ്ടാക്കാനും ഉപയോഗിക്കാം. പ്രായമായാലും രോഗം ബാധിച്ചാലും പശുവിനെ അമ്മയായി കണ്ട് ആരാധിക്കുന്നുണ്ടെന്നും അതിനെ കൊല്ലാന്‍ ആര്‍ക്കും അവകാശം നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.
പശുവിന്റെ പ്രാധാന്യം ഹിന്ദുക്കള്‍ക്ക് മാത്രമല്ല. മുസ്‌ലിം ഭരണ കാലത്തും ഗോക്കള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നുവെന്നും ഉത്തരവില്‍ പറയുന്നു. പശുവിനെ കശാപ്പ് ചെയ്യുന്നത് അഞ്ച് മുസ്‌ലിം ഭരണാധികാരികള്‍ നിരോധിച്ചിട്ടുണ്ട്. ബാബര്‍, ഹുമയൂണ്‍, അക്ബര്‍ എന്നിവര്‍ മതാഘോഷങ്ങളില്‍ പശുവിനെ ബലിയര്‍പ്പിക്കുന്നത് നിരോധിച്ചിരുന്നു. മൈസൂര്‍ നവാബായിരുന്ന ഹൈദര്‍ അലി പശു കശാപ്പ് ശിക്ഷാര്‍ഹമായ കുറ്റമാക്കിയിരുന്നുവെന്നും കോടതി വ്യക്തമാക്കി.

 

Latest News