പാരീസ്- ജർമനിയിൽ മുസ്ലിം കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന ആൾട്ടർനേറ്റീവ് ഫോർ ജർമനി (എ.എഫ്.ഡി)യുടെ നേതാക്കളിലൊരാളായ ആർതർ വാഗ്നർ ഇസ്ലാം സ്വീകരിച്ചു. ഗാർഡിയൻ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് മുസ്ലിംകളുടെ കുടിയേറ്റത്തിനെതിരായ ക്യാംപയിനിന്റെ മുൻനിരയിലുണ്ടായിരുന്നയാളായിരുന്നു ആർതർ വാഗ്നർ.
വ്യക്തിപരമായ കാരണങ്ങളാൽ വാഗ്‌നർ പാർട്ടിയിൽ നിന്ന് രാജിവെച്ചുവെന്ന് പാർട്ടി വക്താവ് മാധ്യമങ്ങൾക്കയച്ച കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ രാജിവെക്കാനുള്ള കാരണമെന്താണെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നില്ല. ഇസ്ലാം മതം സ്വീകരിച്ചതാണ് രാജിവെക്കാൻ കാരണമെന്ന് ജർമൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മാസം പതിനൊന്നിനാണ് ആർതർ രാജി നൽകിയത്. രാജി പാർട്ടിക്ക് ഒരു പ്രശ്‌നവുമുണ്ടാക്കിയിട്ടില്ലെന്നും രാജിവെക്കാൻ നിർബന്ധിച്ചിട്ടില്ലെന്നും പാർട്ടി വക്താവ് പറഞ്ഞു. മുസ്്‌ലിംകൾക്ക് തങ്ങളുടെ പാർട്ടിയിൽ ചേരാൻ തടസമില്ലെന്നും വ്യക്തിപരമായ കാരണങ്ങളായിരിക്കാം അദ്ദേഹം രാജി തെരഞ്ഞെടുക്കാൻ ഇടയാക്കിയതെന്നും വക്താവ് വ്യക്തമാക്കി. ക്രിസ്ത്യൻ ഡമോക്രാറ്റ്‌സ് എന്ന പാർട്ടിയിലായിരുന്ന വാഗ്നർ 2015-ലാണ് എ.എഫ്.ഡിയിൽ ചേർന്നത്. റഷ്യൻ-ജർമൻ കമ്യൂണിറ്റിയുടെ വൈസ് ചെയർമാൻ പദവിയും വഹിച്ചിരുന്നു. ചെച്‌നിയൻ അഭയാർത്ഥികളുടെ പരിഭാഷകനായും പ്രവർത്തിച്ചു.
ഇസ്്‌ലാം സ്വീകരിക്കുന്ന എ.എഫ്.ഡിയിലെ ആദ്യ അംഗമാണ് വാഗ്നർ. പാർട്ടിയിൽ വേറെയും മുസ്്‌ലിംകളുണ്ടെന്നാണ് വക്താവിന്റെ അവകാശവാദം.

അഭയാർഥികൾക്കും കുടിയേറ്റക്കാർക്കുമെതിരെ ശക്തമായ കാമ്പയിൻ നടത്തിയ എ.എഫ്.ഡി കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ 12.6 ശതമാനം വോട്ടുനേടി ബുണ്ടസ്റ്റാഗിൽ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. കിഴക്കൻ ജർമനിയിലെ ബ്രാൻഡൻബർഗ് സംസ്ഥാനത്തെ പാർട്ടി പ്രതിനിധിയാണ് ആർതർ. ചർച്ചുകളുടെയും മറ്റ് വിശ്വാസിസമൂഹത്തിന്റെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചുമതലയായിരുന്നു അദ്ദേഹത്തെ പാർട്ടി ഏൽപിച്ചിരുന്നത്. ബ്രാൻഡൻബർഗിലെ ശക്തനായ നേതാവായിരുന്നു വാഗ്നർ.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇസ്്‌ലാം ജർമനിയിൽനിന്നുള്ളതല്ല എന്ന മുദ്രാവാക്യവുമായാണ് എ.എഫ്.ഡി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
രാജിയെ പറ്റി പ്രതികരിക്കാൻ 48-കാരനായ വാഗ്നർ വിസമ്മതിച്ചു. ഇത് സ്വകാര്യ കാര്യമാണെന്നായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം. രാജിവെക്കാൻ സമ്മർദ്ദമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






