Sorry, you need to enable JavaScript to visit this website.

അബഹ വിമാനതാവളത്തിന് നേരെ ഹൂത്തി ആക്രമണത്തിൽ ലോക രാഷ്ട്രങ്ങളുടെ പ്രതിഷേധം

റിയാദ്- അബഹ വിമാനതാവളത്തിന് നേരെ ഹൂത്തികൾ നടത്തിയ ഡ്രോൺ അക്രമണത്തിൽ ലോക രാജ്യങ്ങൾ ശക്തമായി പ്രതിഷേധിച്ചു. സൗദിക്ക് എതിരായ അക്രമണത്തെ ഒരു നിലക്കും ന്യായീകരിക്കാനാകില്ലെന്നും ഹൂത്തികൾ ആക്രമണം അവസാനിപ്പിക്കണമെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ആവശ്യപ്പെട്ടു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെയെന്നും ആന്റണി ബ്ലിങ്കൺ ആശംസിച്ചു. ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ, കുവൈത്ത്, ഈജിപ്ത്, ജോർദാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളും ഹൂത്തി ആക്രമണത്തിനെതിരെ രംഗത്തെത്തി. 
അബഹ ഇന്റർനാഷണൽ എയർപോർട്ട് ലക്ഷ്യമിട്ട് യെമനിൽനിന്ന് ഇറാൻ പിന്തുണക്കുന്ന ഹൂത്തി ഭീകരർ രണ്ട് തവണ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്നു ഇന്ത്യക്കാരടക്കം എട്ടുപേർക്ക് പരിക്കേറ്റിരുന്നു. ഇന്നലെ പുലർച്ചെയാണ് രണ്ട് ആക്രമണ ശ്രമങ്ങളും നടന്നത്. എയർപോർട്ട് ലക്ഷ്യമാക്കി വന്ന ഡ്രോൺ ആകാശത്തുവെച്ചു തന്നെ തകർക്കുകയായിരുന്നു. 
ഡ്രോൺ അവശിഷ്ടങ്ങൾ വീണ് എയർപോർട്ട് ജീവനക്കാരായ എട്ട് പേർക്ക് പരിക്കേറ്റതായി സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലിക്കി പറഞ്ഞു. ഇവരിൽ മൂന്ന് പേർ ഇന്ത്യക്കാരാണ്. പരിക്കേറ്റവരിൽ ഒരു ബംഗ്ലാദേശിയുടെ നില ഗുരുതരമാണ്. രണ്ട് ഇന്ത്യക്കാർക്കും ഒരു ബംഗ്ലാദേശിക്കും സാരമായ  പരിക്കുണ്ട്. മറ്റുള്ളവർക്ക് നിസ്സാരമായ പരിക്കേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആദ്യ തവണ തകർത്ത ഡ്രോണിന്റെ അവശിഷ്ടങ്ങൾ റൺവേയിൽനിന്ന് മാറ്റുന്ന ജോലിയിൽ മുഴുകിയിരിക്കെ വീണ്ടും നടത്തിയ ആകമണത്തിലാണ് ഇവർക്ക് പരിക്കേറ്റത്. 
അൽപനേരം എയർപോർട്ട് അടച്ചിട്ടെങ്കിലും അധികം താമസിയാതെ പ്രവർത്തനം സാധാരണ നിലയിലായി. ആക്രമണത്തിൽ 320 ഗണത്തിൽ പെടുന്ന ഒരു സൗദിയ വിമാനത്തിനും ഗ്രൗണ്ട് ഹാന്റ്‌ലിംഗ് ഉപകരണങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഹൂത്തി ആക്രമണ ശ്രമം പരാജയപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സഖ്യസേന പുറത്തുവിട്ടു. 
സാധാരണ ജനങ്ങളെയും തന്ത്രപ്രധാന സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ഹൂത്തികൾ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്നും ഇതിനെ ശക്തമായി നേരിടുമെന്നും സഖ്യസേന വൃത്തങ്ങൾ അറിയിച്ചു.  ജിസാൻ ലക്ഷ്യമിട്ട് തിങ്കളാഴ്ച ഹൂത്തികൾ അയച്ച മിസൈലും സ്‌ഫോടക വസ്തുക്കൾ നിറച്ച മൂന്ന് ഡ്രോണുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പായി സേന തകർത്തിരുന്നു. സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമത കൊണ്ടാണ് ഇത്തരം ആക്രമണങ്ങളെ തകർക്കാൻ കഴിയുന്നതെന്നും അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തിൽ പ്രതികരിക്കണമെന്നും സഖ്യസേന ആവശ്യപ്പെട്ടു. 

Latest News