Sorry, you need to enable JavaScript to visit this website.

സ്പ്രിങ്ക്‌ളര്‍ കരാര്‍ മുഖ്യമന്ത്രി അറിയാതെ; കരാറിന്റെ ഉത്തരവാദി  എം ശിവശങ്കറെന്ന് പരിശോധനാ സമിതി റിപ്പോര്‍ട്ട്

തിരുവനന്തപുരം-സ്പ്രിങ്ക്‌ളറുമായുള്ള കരാര്‍ മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്ന് പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറിക്കും കരാറിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. കരാറിന്റെ ഉത്തരവാദി ഐ.ടി സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  ശിവശങ്കറിന് ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നില്ലെന്നും ഡാറ്റ ചോര്‍ന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സ്പ്രിംക്‌ളര്‍ കരാറുമായി ബന്ധപ്പെട്ട അന്വേഷണത്തിന് രണ്ടംഗ സമിതിയെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. വ്യോമയാന സെക്രട്ടറിയായിരുന്നു മാധവന്‍ നമ്പ്യാറിന്റേയും സൈബര്‍ വിദഗ്ധനായിരുന്ന ഗുല്‍ഷന്‍ റായിയുടേയും നേതൃത്വത്തിലായിരുന്നു അന്വേഷണം. ഈ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനായി മുന്‍ നിയമസെക്രട്ടറി ശശിധരന്‍ നായരുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്. ഈ പരിശോധനാ റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രി കരാറിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന കാര്യം പറയുന്നത്. മുഖ്യമന്ത്രി മാത്രമല്ല, തദ്ദേശവകുപ്പോ, ഉന്നതാധികാര സമിധിയോ, നിയമവകുപ്പോ, ആരോ?ഗ്യവകുപ്പോ കരാറിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കരാറിന്റെ പൂര്‍ണ ഉത്തരവാദിത്തം എം ശിവശങ്കറിനായിരുന്നുവെന്നും എന്നാല്‍ ഗൂഢലക്ഷ്യമല്ല മറിച്ച് സംസ്ഥാനത്തിന്റെ താത്പര്യം മാത്രമായിരുന്നു ലക്ഷ്യം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരാറുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടിക്രമങ്ങളും പാലിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്റ്റോര്‍ പര്‍ചേസ് മാന്വല്‍ പ്രകാരമാണ് ഐടി സെക്രട്ടറി മുന്‍കൈ എടുത്ത് കരാര്‍ ഒപ്പിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest News