Sorry, you need to enable JavaScript to visit this website.

യുപി ബിജെപി അധ്യക്ഷന്‍ മുലായം സിങിനെ സന്ദര്‍ശിച്ചു; ഒബിസിയെ പാട്ടിലാക്കാനെന്ന് സൂചന

ലഖ്‌നൗ- നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ഉത്തര്‍ പ്രദേശില്‍ ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ് സമാജ് വാദി പാര്‍ട്ടി കുലപതി മുലായം സിങിനെ സന്ദര്‍ശിച്ചത് രാഷ്ട്രീയ വൃത്തങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി. ഒബിസി വിഭാഗത്തെ കൂടെ ഉറപ്പിച്ചു നിര്‍ത്താനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെട്ടത്. ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം അംഗീകരിക്കാന്‍ ബിജെപി സമ്മര്‍ദ്ദത്തിലായിരിക്കെയാണ് ഈ കുടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.  അതേസമയം സമാജ് വാദി പാര്‍ട്ടിയുടെ വാദം മറ്റൊന്നാണ്. സ്വതന്ത്ര ദേവ് സിങ് ബിജെപി നേതൃത്വവുമായി സ്വരചേര്‍ച്ചയിലല്ല എന്നും മുലായം സിങ് അദ്ദേഹത്തെ എസ് പിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നുമാണ് പാര്‍ട്ടി പറയുന്നത്. 

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാണ്‍ സിങിന്റെ അനുശോചന യോഗത്തിലേക്ക് ക്ഷണിക്കാന്‍ മുലായം സിങിനെ തിങ്കളാഴ്ച സന്ദര്‍ശിച്ചിരുന്നുവെന്ന് സ്വതന്ത്രദേവ് പറഞ്ഞു. കല്യാണ്‍ സിങിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് എത്താതിരുന്നതിനെ ബിജെപി വിമര്‍ശിച്ചിരുന്നു. ബിഎസ്പി നേതാവ് മായാവതി എത്തിയിരുന്നു.

കല്യാണ്‍ സിങിനു വേണ്ടി യുപിയിലുടനീളം ബിജെപി ശ്രദ്ധാജ്ഞലി സഭകള്‍ സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയായിരിക്കെ ബാബരി മസ്ജിദ് തകര്‍ക്കാന്‍ വഴിയൊരുക്കി ഹിന്ദുത്വ ഹീറോ ആയി മാറിയ കല്യാണ്‍ സിങ് ഏറെ സ്വാധീനമുള്ള ഒബിസി നേതാവ് കൂടിയായിരുന്നു. തെരഞ്ഞെടുപ്പിനു മുന്നോടിയായി ഒബിസി സമുദായത്തെ കൂടുതല്‍ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ കല്യാണ്‍ സിങിന്റെ പേര് ബിജെപി നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. കല്യാണ്‍ സിങിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് എത്താത്ത് അദ്ദേഹം ഒബിസി വിരുദ്ധനായത് കൊണ്ടാണെന്നും ബിജെപി പ്രചരണം നടത്തുന്നുണ്ട്.
 

Latest News