നാഗ്പൂര്‍- സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്തെത്തി സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട്. ഇത്തരമൊരു കൂടിക്കാഴ്ച ആര്‍എസ്എസ് നേതാക്കള്‍ തള്ളിക്കളഞ്ഞെങ്കിലും വിശ്വസനീയ കേന്ദ്രങ്ങള്‍ ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. ആര്‍ എസ് എസ് ആസ്ഥാനത്ത് ചൊവ്വാഴ്ച വൈകീട്ട് നാലിനും അഞ്ചിനുമിടയിലാണ് ജസ്റ്റിസ് ബോബ്‌ഡെ എത്തിയതെന്ന് ഇവര്‍ പറയുന്നു. ആദ്യമായാണ് അദ്ദേഹം ആര്‍എസ്എസ് ആസ്ഥാനത്ത് എത്തുന്നത്. ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്‌ഗെവാറിന്റെ കുടുംബവീടും അദ്ദേഹം സന്ദര്‍ശിച്ചു.
നാഗ്പൂര്‍ സ്വദേശിയായ ബോബ്‌ഡെ വര്‍ഷങ്ങളോളം ഇവിടെ അഭിഭാഷകനായും പ്രാക്ടീസ് ചെയ്തിട്ടുണ്ട്. മുന്‍ഗാമിയായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ കഴിഞ്ഞ വര്‍ഷം ബിജെപി രാജ്യ സഭാ എംപിയാക്കിയിരുന്നു. ഇത് വലിയ വിവാദവുമായിരുന്നു.