വിഷക്കൂണ്‍ കഴിച്ച് പോളണ്ടില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥി കുടുംബം ആശുപത്രിയില്‍; രണ്ടു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

വാര്‍സോ- ഈയിടെ അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെടുത്തി പോളണ്ടിലെത്തിച്ച അഭയാര്‍ത്ഥി കുടുംബം താമസസ്ഥലത്തിനു സമീപത്തെ വനത്തില്‍ നിന്നും മാരകവിഷമുള്ള കാട്ടുകൂണ്‍ കഴിച്ച് ആശുപത്രിയിലായി. ഗുരുതരമായി വിഷബാധയേറ്റ അഞ്ചു വയസ്സുള്ള ബാലന്‍ കോമയിലാണ്. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനുള്ള പരിശോധനകള്‍ നടന്നു വരുന്നു. ഈ കുട്ടിയുടെ ആറു വയസ്സുകാരന്‍ സഹോദരന്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുമെന്ന് പോളണ്ടിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ടു കുട്ടികളും ഗുരുതരാവസ്ഥയിലാണെന്ന് സെന്റര്‍ ഫോര്‍ ചില്‍ഡ്രന്‍സ് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഈ കുട്ടികളേയും സഹോദരിയേയും ഒരാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍സോയ്ക്കടുത്ത പോഡ്‌കോവ ലെസ്‌നയില്‍ ഇവരെ പാര്‍പ്പിച്ച അഭയാര്‍ത്ഥി ക്യാമ്പിനു സമീപത്തെ വനത്തില്‍ നിന്നാണ് 'മരണത്തൊപ്പി' എന്നറിയപ്പെടുന്ന മാരക വിഷമുള്ള കൂണ്‍ ഇവര്‍ പറിച്ചു കഴിച്ചത്. 17കാരിയായ പെണ്‍കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്. മറ്റു ആശുപത്രികളില്‍ പ്രവേശിപ്പിച്ച ഇവരുടെ കുടുംബാംഗങ്ങളും സുഖം പ്രാപിച്ചു വരികയാണ്. 

ബ്രിട്ടന്റെ നിര്‍ദേശപ്രകാരം പോളണ്ട് രക്ഷപ്പെടുത്തിയ അഫ്ഗാന്‍ അഭയാര്‍ത്ഥികളില്‍ ഉള്‍പ്പെട്ടവരാണ് ഈ കുടുംബം. ഇവരുടെ അച്ഛന്‍ അഫ്ഗാനിസ്ഥാനില്‍ ബ്രിട്ടീഷ് സേനയ്ക്കു വേണ്ടി ജോലി ചെയ്തു വരികയായിരുന്നു.
 

Latest News