ബഗ്ദാദ്- സൗദി അറേബ്യയുമായി ചര്‍ച്ചക്ക് തയാറെടുക്കുകയാണെന്ന് ഇറാന്‍.
ഇറാഖില്‍ വെച്ച് നാലാമത്തെ ചര്‍ച്ചക്കാണ് ഒരുങ്ങുന്നതെന്ന് ബഗ്ദാദിലെ ഇറാന്‍ അംബാസഡര്‍ ഇറാജ് മസ്ജിദി പറഞ്ഞു. സൗദിയുമായി നേരത്തെ മൂന്ന് റൗണ്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇറാനില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാലാമത്തെ ചര്‍ച്ചയാണ് നടക്കാന്‍ പോകുന്നത്- അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഏപ്രിലില്‍ ചര്‍ച്ച ആരംഭിച്ചത്. ബഗ്ദാദാണ് ചര്‍ച്ചക്ക് ആതിഥ്യമരുളിയതെന്ന് ഇറാഖ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.
സിറിയ, യെമന്‍, ഇറാഖ് എന്നീ രാജ്യങ്ങളില്‍ ഇറാന്‍ നടത്തുന്ന ഇടപെടലുകളെ സൗദി അറേബ്യയും ഗള്‍ഫ് സഖ്യ രാഷ്ട്രങ്ങളും നിശിതമായി വിമര്‍ശിച്ചുവരികയാണ്. ഇറാന്റെ ആണവ പരിപാടിയേയും ഗള്‍ഫ് രാഷ്ട്രങ്ങള്‍ വിമര്‍ശിക്കുന്നു.
ഇറാനുമായി ചര്‍ച്ച നടത്തുന്ന കാര്യം സൗദി അംബാസഡറും വിദേശമന്ത്രാലയത്തില്‍ നയ ആസൂത്രണ വിഭാഗം തലവനുമായ റായിദ് ക്രിംലി മേയില്‍ വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചിരുന്നു.