ന്യൂദല്‍ഹി- ജാലിയന്‍ വാലാബാഗ് സ്മാരക നവീകരണത്തെ രൂക്ഷമായി വിമർശിച്ച രാഹുല്‍ ഗാന്ധിയെ തള്ളി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. രക്തസാക്ഷിയുടെ മകനാണ് താനെന്നും ജാലിയന്‍ വാലാബാഗ് നവീകരണം രക്തസാക്ഷികളെ അവഹേളിക്കുന്നതാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു.
എന്നാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ വളരെ സുന്ദരമായിരിക്കുന്നുവെന്നാണ് അമരീന്ദർ സിംഗിന്റെ പ്രസ്താവന. ജാലിയന്‍ വാലാബാഗ് നവീകരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പല കോണുകളില്‍നിന്നും കടുത്ത വിമര്‍ശം ഉയർന്നിരുന്നു.
നവീകരണത്തിന് അനുമതി നല്കിയ പഞ്ചാബ് സര്‍ക്കാരും വിമര്‍ശനം നേരിടുന്നുണ്ട്. അതിനിടെയാണ് എന്താണ് ജാലിയന്‍ വാലാബാഗില്‍ നീക്കം ചെയ്യപ്പെട്ടതെന്ന് തനിക്ക് അറിയില്ലെന്നും നവീകരണ പ്രവര്‍ത്തനങ്ങള്‍ വളരെ സുന്ദരമായിരിക്കുന്നുവെന്നുമാണ് അമരീന്ദര്‍ വ്യക്തമാക്കിയത്.
പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്തിനാണ് കേന്ദ്രത്തിന് നവീകരണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയതെന്ന ചോദ്യവുമായി പല വിമര്‍ശകരും രംഗത്തുവരുന്നത് അമരീന്ദറിനും തലവേദന സൃഷ്ടിക്കുന്നുണ്ട്.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കളില്‍ പല പ്രമുഖരും ജാലിയന്‍ വാലാബാഗ് നവീകരണപ്രവര്‍ത്തനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ചിരുന്നു. ലൈറ്റ്, ഇടനാഴിക തുടങ്ങീ നവീകരിച്ച രക്തസാക്ഷി സ്മാരകത്തിലെ പല പുതിയ സംവിധാനങ്ങളും വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു.






