പൊതുമേഖലാ ബാങ്കുകള്‍ക്ക്  കേന്ദ്ര സര്‍ക്കാര്‍ വക ലക്ഷം കോടി രൂപ

ന്യൂദല്‍ഹി- പ്രതിസന്ധി നേരിടുന്നവ ഉള്‍പ്പെടെ 20 പൊതു മേഖലാ ബാങ്കുകള്‍ക്ക് ഒരു ലക്ഷ കോടി രൂപ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നടപ്പു സാമ്പത്തിക വര്‍ഷം 88,139 കോടി രൂപയാണ് ബാങ്കുകള്‍ക്ക് ലഭിക്കുക. ഇതില്‍ 80,000 കോടി രൂപ സര്‍ക്കാര്‍ മൂലധന പുനസ്സമാഹരണ ബോണ്ടുകളിലൂടെ കണ്ടെത്തും. 8139 കോടി രൂപ ബജറ്റ് വിഹിതമായും നല്‍കും. കൂടാതെ 10,312 കോടി രൂപ വിപണിയില്‍ നിന്ന് കണ്ടെത്തുകയും ചെയ്യും. 

വന്‍കിട കോര്‍പറേറ്റുകളുടേതടക്കമുള്ള കിട്ടാക്കടം പെരുകിയതോടെ പല പൊതു മേഖലാ ബാങ്കുകളും വായ്പാ പ്രതിസന്ധിയിലാണ്. കൂടുതല്‍ മൂലധന സഹായം ലഭിച്ചാലെ ബാങ്കുകള്‍ കൂടുതല്‍ വായ്പ അനുവദിക്കാന്‍ കഴിയൂ. മാര്‍ച്ച് അവസാനത്തോടെ ബാങ്കുകള്‍ക്ക് ധനസഹായം ലഭിക്കും. 

കടുത്ത പ്രതിസന്ധി നേരിടുന്ന 11 ബാങ്കുകള്‍ക്ക് 52,311 കോടി ലഭിക്കും. ഇവയുടെ ഏറ്റവും ചുരുങ്ങിയ മൂലധന പരിധി സംരക്ഷിക്കാനാണിത്. മൂലധന പരിധിക്കു താഴെ പോയ ഈ ബാങ്കുകള്‍ ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെ തിരുത്തല്‍ നടപടികളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധി മൂലം വായ്പാ ലഭ്യത കുറഞ്ഞതോടെ വ്യവസായ രംഗത്തും സ്വകാര്യ നിക്ഷേപങ്ങളിലും ഇടിവുണ്ടായി.

കോര്‍പറേറ്റുകള്‍ക്കും വന്‍കിട വ്യവസായങ്ങള്‍ക്കും കൂടുതല്‍ വായ്പ നല്‍കാന്‍ ബാങ്കുകളെ പ്രാപ്താരക്കാനാണു ലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കുന്നത്. ഇതു വഴി സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇപ്പോള്‍ ബാങ്കുകള്‍ക്കുണ്ടായ അവസ്ഥ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ കൈകൊള്ളുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. 

Latest News