കൊണ്ടോട്ടി-സംസ്ഥാനത്ത് കെട്ടിട നികുതി പരിഷ്‌കാരം ഏപ്രിൽ മുതൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിൽ സഞ്ചയ സോഫ്റ്റ് വെയർ ശുദ്ധീകരിക്കുന്നു.
തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുളള വീടുകൾ,കെട്ടിടങ്ങൾ,ഫഌറ്റുകൾ തുടങ്ങിയവയുടെ നികുതികളാണ് ഏപ്രിൽ മുതൽ പരിഷ്‌കരിക്കുന്നത്.നിലവിൽ 2011-ൽ ആരംഭിച്ച നികുതി പരിഷ്‌കാരം 2013-14 വർഷത്തിലാണ് പൂർണമായും പ്രാബല്യത്തിലായത്. അഞ്ച് വർഷത്തിന് ശേഷമാണ് നികുതി വർധിപ്പിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളിൽ നികുതി സ്വീകരിക്കുന്നത് രശീതിയിൽനിന്ന് പൂർണമായും ഓൺലൈൻ വഴിയാക്കുന്നതിനായാണ് സർക്കാർ സഞ്ചയ സോഫ്റ്റ് വെയർ തയ്യാറാക്കിയത്. എന്നാൽ കാലാനുസൃതമായ മാറ്റങ്ങളുണ്ടായ കെട്ടിടങ്ങൾ, പൊളിച്ചു നീക്കിയ കെട്ടിടങ്ങൾ തുടങ്ങിയവക്കെല്ലാം നികുതി പഴയത് തന്നെ തുടരുന്ന കാഴ്ചയാണുളളത്. നികുതി രശീതിയിൽനിന്ന് കമ്പ്യൂട്ടർവൽക്കരിച്ചപ്പോൾ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല. ആയതിനാൽ സർക്കാറിന് നികുതി ഇനത്തിൽ ലഭിക്കേണ്ട തുക എത്തുന്നില്ലെന്ന് കണ്ടതോടെയാണ് സോഫ്റ്റവെയർ ശുദ്ധീകരിക്കാൻ നിർദേശിച്ചത്.
പല പഞ്ചായത്തുകളും സഞ്ചയയിൽ രേഖപ്പെടുത്തലുകൾ പൂർത്തിയാക്കാത്തതിനാലും, ഡാറ്റയിലെ അപാകതകൾ പരിഹരിക്കാത്തതിനാലും ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഡിമാന്റ്,കുടിശ്ശിക ഡിമാന്റ്, നികുതി പിരിവ് പുരോഗതി തുടങ്ങിയവയിൽ കൃത്യതയില്ല. ആയതിനാൽ ജനുവരി 31നകം അവ്യക്തതകൾ നീക്കണമെന്നാണ് വകുപ്പ് സെക്രട്ടറിമാർക്കും,ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമുളള നിർദേശം.
ഓട്‌മേഞ്ഞ വീടുകൾക്കും കോൺക്രീറ്റ് കെട്ടിടങ്ങൾക്കും വ്യത്യസ്ത രീതിയിലാണ് നിലവിൽ നികുതി സ്വീകരിക്കുന്നത്. മൂന്ന് രൂപ മുതൽ ആറ് രൂപവരെയാണ് നിലവിൽ വീടുകൾക്ക് നികുതി ഈടാക്കി തുടങ്ങുന്നത്.
തറ വിസ്തീർണ്ണം മീറ്റർ സ്‌ക്വയറിലാണ് നികുതി നിശ്ചയിക്കുന്നത്. എന്നാൽ പഴയ ഓടുമേഞ്ഞ വീടുകൾ പൊളിച്ച് നീക്കിയതും, പുതുക്കിപ്പണിതതും കൃത്യമായി അറിയിക്കത്തതിനാൽ നികുതി നിജപ്പെടുത്താനാകുന്നില്ല.
പൊളിച്ച വീടുകൾക്ക് നികുതി ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഉടമക്ക് നോട്ടീസ് വരുന്നതും സർവ്വ സാധാരണമാണ്. ഉദ്യോഗസ്ഥർ കെട്ടിട പരിശോധന സമയത്തിന് നടത്തി സോഫ്റ്റ് വെയറിൽ മാറ്റം വരുത്താതാണ് പ്രശ്‌നങ്ങൾക്ക് കാരണം. പ്രശ്‌നങ്ങൾ മുഴുവൻ തീർത്ത് സോഫ്റ്റ് വെയർ ശുദ്ധീകരിച്ച് നികുതി പരിഷ്‌കാരത്തിന് തയ്യാറാക്കാനാണ് നിലവിൽ നിർദേശിക്കുന്നത്.
ഏപ്രിൽ മുതൽ വീടുകൾ ഉൾപ്പടെയുളള കെട്ടിടങ്ങൾക്കുളള നികുതി സർക്കാർ വർധിപ്പിക്കാനാണ് തീരുമാനം.