മദ്യം നല്‍കി മയക്കിയശേഷം വെട്ടിക്കൊന്നു; പ്രതി റിമാന്റില്‍

കണ്ണൂര്‍-  കവര്‍ച്ച വിവരം പോലീസിന് നല്‍കിയ വിരോധത്തില്‍ യുവാവിനെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി കനാലില്‍ തള്ളിയ കേസില്‍ മുഖ്യപ്രതിയുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി റിമാന്‍ഡ് ചെയ്തു. ചക്കരക്കല്ലിലെ പ്രജീഷ് വധക്കേസിലെ മുഖ്യപ്രതി, മിടാവിലോട് കൊല്ലറേത്ത് ഹൗസില്‍ അബ്ദുല്‍ ഷുക്കൂറിനെ (43)യാണ് തളിപ്പറമ്പ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. കൊലക്കുപയോഗിച്ച കൊടുവാളും മൃതദേഹം കടത്താനുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ചക്കരക്കല്‍ സി.ഐ സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ചോദ്യം ചെയ്തതും തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതും.

മരക്കവര്‍ച്ച സംബന്ധിച്ച് പോലീസിന് സൂചന നല്‍കിയതിലെ വിരോധമാണ് ആസൂത്രിതമായ കൊല നടത്താന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കൂട്ടുപ്രതി പ്രശാന്തന്‍ മുഖേന തന്ത്രത്തില്‍ പ്രജീഷിനെ ആളൊഴിഞ്ഞ കുന്നിന്‍ പ്രദേശത്ത് എത്തിച്ച ശേഷം മദ്യം നല്‍കി മയക്കിയ ശേഷം കൊടുവാള്‍ കൊണ്ട് തലക്ക് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം തുണിയില്‍ വരിഞ്ഞു കെട്ടി സ്കൂട്ടറിന്റെ പിറകില്‍ കെട്ടി അഞ്ച് കിലോമീറ്റര്‍ അകലെയുള്ള കനാലിലെ പൊന്തക്കാട്ടില്‍ തള്ളുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. കൊല നടത്തിയ സ്ഥലത്തും മൃതദേഹം തളളിയ സ്ഥലത്തും വീട്ടിലുമടക്കം എത്തിച്ച് തെളിവെടുത്തു. കൊല നടത്തിയ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും, പ്രജീഷിന്റെ ഫോണും കണ്ടെത്താനുണ്ട്. ഇത് ഉപേക്ഷിച്ചുവെന്നാണ് പ്രതി നല്‍കിയ മൊഴി. ഇവ കണ്ടെടുക്കുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Latest News