കടയടച്ച് പള്ളിയില്‍ പോയപ്പോള്‍ മോഷണം; പ്രതിയെ പിടികൂടി

കാസര്‍കോട്- ട്രാവല്‍സിന്റെ ഷട്ടര്‍ തുറന്ന് പണം കവര്‍ന്ന കേസിലെ പ്രതി റിമാണ്ടില്‍. പള്ളത്തടുക്ക കുടുപ്പംകുഴി സ്വദേശിയും ബദിയടുക്ക ബാറഡുക്കയില്‍ താമസക്കാരനുമായ മുഹമ്മദ് കുഞ്ഞി(42)യാണ് റിമാന്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സീതാംഗോളിയില്‍ പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് ക്ലാസ് ട്രാവല്‍സില്‍നിന്നാണ് പണം കവര്‍ന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ട്രാവല്‍സിന്റെ ഷട്ടര്‍ താഴ്ത്തി ഉടമ കുമ്പള പെര്‍വാടിലെ മുഹമ്മദ് മുഹ്സമിന്‍ ജുമുഅ നമസ്കാരത്തിനായി പള്ളിയില്‍ പോയ സമയത്ത് ഷട്ടര്‍ തുറന്ന് അകത്ത് കയറി മേശ വലിപ്പില്‍ സൂക്ഷിച്ച 96,000 രൂപ കവര്‍ന്നതായാണ് പരാതി.
ട്രാവല്‍സ് ഉടമയുടെ പരാതിയില്‍ ബദിയടുക്ക പോലീസ് കേസെടുത്തു അന്വേഷണം ആരംഭിക്കുകയും സീതാംഗോളി ടൗണിലുള്ള സി.സി.ടി.വികള്‍ പരിശോധിക്കുകയും ചെയ്തു. ഇതിലെ ദൃശ്യങ്ങളില്‍നിന്നാണ് ചിലര്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. പോലീസ് അന്വേഷിക്കുന്നതിനിടെ ശനിയാഴ്ച മോഷ്ടാവെന്ന് സംശയിക്കുന്ന വ്യക്തി സീതാംഗോളിയിലെത്തി. നാട്ടുകാര്‍ മോഷ്ടാവിനെ തടഞ്ഞ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബദിയടുക്ക എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസെത്തി മുഹമ്മദ് കുഞ്ഞിയെ അറസ്റ്റുചെയ്യുകയായിരുന്നു. കവര്‍ന്ന പണം മുഴുവനും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

 

Latest News