പുഴയില്‍ ചാടിയ മോഷ്ടാക്കളെ തീരത്തുകൂടി പിന്തുടര്‍ന്ന് പിടിച്ചു

കാസര്‍കോട്- രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബേക്കലില്‍ പോലീസ് പിടിയിലായ രണ്ടുപേര്‍ കാസര്‍കോട്-കണ്ണൂര്‍ ജില്ലകളിലെ നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതികള്‍. ബേക്കല്‍ പള്ളിക്കര മഠത്തിനടുത്ത രമേശന്‍ (28), പനയാല്‍ ചേര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷ(23) എന്നിവരെയാണ് ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിനിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ബേക്കല്‍ മലാംകുന്നില്‍ രണ്ടുപേര്‍ സംശയസാഹചര്യത്തില്‍ ബൈക്കില്‍ കറങ്ങുന്ന വിവരം നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഉച്ചയോടെ ഇവരെ തേടി ഇറങ്ങിയ പോലീസ് സംഘത്തെ കണ്ടതോടെ ഓടി രക്ഷപ്പെടാനുള്ള ശ്രമം നടത്തി. തുടര്‍ന്ന് ബേക്കല്‍ പുഴയിലേക്ക് ചാടുകയായിരുന്നു.
നാട്ടുകാര്‍ പുഴക്കരയിലൂടെ പിന്തുടര്‍ന്ന് രണ്ടുപേരെയും പിടികൂടുകയും പോലീസിന് കൈമാറുകയുമായിരുന്നു. ബേഡകത്ത്‌നിന്ന് കവര്‍ന്ന ബൈക്ക് ഇവരില്‍നിന്ന് കണ്ടെടുത്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് ബേഡകത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരക്കുന്നിലെ സാബിതിന്റെ ബൈക്ക് മോഷ്ടിച്ചത്. ബേഡകം, ചന്തേര, കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് ബൈക്കുകള്‍ കവര്‍ന്ന കേസിലെ പ്രതികളാണ് രണ്ടുപേരുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പെരിയ മൂന്നാംകടവിലെ ജയിംസിന്റെ വീട്ടില്‍നിന്ന് 1250 രൂപയും പണവും മൊബൈല്‍ ഫോണും കവര്‍ന്നതും രമേശനും ഇബ്രാഹിമുമാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇവരെ ചന്തേര പൊലീസിന് കൈമാറി. ചന്തേര ഇന്‍സ്പെക്ടര്‍ പി. നാരായണനും സംഘവും പ്രതികളെ ചോദ്യം ചെയ്തു.

 

 

Latest News