ആദിവാസി യുവാവിനെ ട്രക്കില്‍ കെട്ടിവലിച്ചു കൊന്ന പ്രതികളുടെ വീടുകള്‍ ഇടിച്ചു നിരത്തി

ഭോപാല്‍- മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ ആദിവാസി യുവാവിനെ മര്‍ദിക്കുകയും പിക്കപ്പ് ട്രക്കിനു പിന്നില്‍ കെട്ടിവലിച്ചു കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളുടെ അനധികൃത വീടുകള്‍ ജില്ലാ ഭരണകൂടം ഇടിച്ചു പൊളിച്ചു. ഗ്രാമത്തിലെ സര്‍പഞ്ചിന്റെ ഭാര്‍ത്താവ് മഹേന്ദ്ര ഗുര്‍ജാറിന്റെ ഒറ്റ നില വീടും മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചു നിരപ്പാക്കി. യുവാവിനെ മര്‍ദിച്ചു കൊന്ന കേസിലെ എട്ടു പ്രതികളില്‍ ഒരാളാണ് മഹന്ദ്ര ഗുര്‍ജാര്‍. അഞ്ചു പ്രതികളെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.

മോഷണം നടത്തിയെന്ന സംശയിച്ച് ഇവര്‍ പിടികൂടി കൊലപ്പെടുത്തിയത് കനയ്യലാല്‍ ഭീല്‍ എന്ന 45കാരനെയാണ്. ആള്‍ക്കൂട്ട മര്‍ദനത്തിനു ശേഷം ഒരു ട്രക്കിനു പിന്നില്‍ കെട്ടി റോഡിലൂടെ വലിച്ചാണ് പ്രതികള്‍ കനയ്യയെ കൊന്നത്. മോഷ്ടാവിനെ പിടികൂടിയെന്ന് പ്രതികള്‍ തന്നെ പോലീസിന് വിവരം നല്‍കുകയായിരുന്നു. പോലീസെത്തിയാണ് കനയ്യയെ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴി കനയ്യ മരിക്കുകയായിരുന്നു.
 

Latest News