മൈസൂരു പീഡനക്കേസ്; പ്രതികള്‍ നേരത്തെയും പ്രണയ ജോടികളെ ആക്രമിച്ചു

മൈസൂരു- ചാമുണ്ഡി ഹില്‍സില്‍ സര്‍വകലാശാല വിദ്യാര്‍ഥിനിയായ 22 കാരിയെ പീഡിപ്പച്ച കേസില്‍ അറസ്റ്റിലായ പ്രതികള്‍ നേരത്തെയും സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസ്. പ്രതികളെ ചോദ്യം ചെയ്തതില്‍നിന്നാണ് നിര്‍ണായക വിവരം ലഭിച്ചത്.
കൂട്ടുകാരോടൊപ്പം ചാമുണ്ഡി ഹില്‍സ് മേഖലയിലെത്തുന്ന പെണ്‍കുട്ടികളെ  പീഡിപ്പിച്ചിരുന്ന പ്രതികള്‍ പണം കവര്‍ന്നിരുന്നുവെന്നും പോലീസ് പറഞ്ഞു.  ഭയം കാരണം ഇരകള്‍ പരാതികള്‍ നല്‍കാന്‍ തയാറായിരുന്നില്ല.
അറസ്റ്റിലായ അഞ്ചു പ്രതികളെ മൈസൂരുവിലെ അജ്ഞാത കേന്ദ്രത്തില്‍  ചോദ്യം ചെയ്തുവരുകയാണ്. ഒളിവില്‍ കഴിയുന്ന പ്രതിക്കായി കര്‍ണാടക പോലീസ് തമിഴ്‌നാട്ടില്‍ അന്വേഷണം ഊര്‍ജിതമാക്കി. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ് സൂചിപ്പിച്ചു.

കൂട്ടുകാരനൊപ്പം ചാമുണ്ഡി കുന്നിന്റെ താഴ്‌വാരത്തെത്തിയ 22 കാരിയെ പ്രതികള്‍ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. കേസില്‍ തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശികളായ ഭൂപതി (28), മുരുകേശന്‍ (22), അരവിന്ദ് (21), ജോസഫ് (28), പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി എന്നിവരെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

 

 

Latest News