മോഷണക്കുറ്റം ആരോപിച്ച് എട്ട് വയസ്സുകാരിക്കും അച്ഛനും പരസ്യവിചാരണ; പോലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടി

തിരുവനന്തപുരം- ആറ്റിങ്ങലില്‍ പോലീസ് ഉദ്യോഗസ്ഥയുടെ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മുന്നാം ക്ലാസുകാരിയെയും അച്ഛനെയും പരസ്യവിചാരണ ചെയ്ത പോലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. വനിതാ സിവിൽ പോലീസ് ഓഫീസർ രജിതയെയാണ് റൂറൽ എസ് പി ഓഫീസിലേക്ക് മാറ്റിയത്. ഇവരെ പിങ്ക് പോലീസില്‍ നിന്ന് ഒഴിവാക്കി.

തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനേയും മകളേയുമാണ് മോഷണ ആരോപണത്തിന്റെ പേരില്‍ അപമാനിച്ചത്. പിങ്ക് പൊലീസിന്‍റെ കാറില്‍ നിന്ന് ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യ വിചാരണ. ഐഎസ്ആര്‍ഒയിലേക്ക് യന്ത്രവുമായി എത്തുന്ന വലിയ വാഹനം കാണാന്‍ ആറ്റിങ്ങലില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

വാഹനത്തില്‍നിന്ന് ഫോണ്‍ മോഷ്ടിച്ചിട്ടില്ലെന്ന് സമീപത്ത് ഉണ്ടായിരുന്നവരും പറഞ്ഞെങ്കിലും പോലീസ് ഉദ്യോഗസ്ഥ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയും ഭിഷണിപ്പെടുത്തുകയുമായിരുന്നു. ഇതിനിടെ ഫോണ്‍ കാറില്‍ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വ്യാപക വിമർശനമുയർന്നു.

സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചിരുന്നു.

Latest News