അയോധ്യയില്‍ തിരംഗ യാത്രയുമായി ആം ആദ്മി പാര്‍ട്ടി; രാമ ക്ഷേത്രവും സന്ദര്‍ശിക്കും

ന്യൂദല്‍ഹി- ആം ആദ്മി പാര്‍ട്ടി നേതാക്കളായ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എംപി സഞ്ജയ് സിങ് എന്നിവരുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 14ന് പാര്‍ട്ടി അയോധ്യയില്‍ തിരംഗ യാത്ര സംഘടിപ്പിക്കും. നിര്‍മാണം പുരോഗമിക്കുന്ന അയോധ്യയിലെ രാമ ക്ഷേത്രം വഴിയാണ് യാത്ര കടന്നു പോകുക. ബിജെപി ഉയര്‍ത്തിക്കാട്ടുന്ന ഭിന്നിപ്പിന്റെ കാഴ്ചപ്പാടില്‍ നിന്നും ഹിന്ദു സ്വന്തം, മതം, ദേശീയത എന്നിവയെ ആം ആദ്മി പാര്‍ട്ടി എങ്ങനെ വേര്‍ത്തിരിച്ചു കാണുന്നു എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് ഈ യാത്ര സംഘടിപ്പിക്കുന്നതെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ദേശീയതയെ ഉയര്‍ത്തിക്കാട്ടിയുള്ള എഎപിയുടെ തിരംഗ യാത്ര. മുന്‍ ഇന്ത്യന്‍ ആര്‍മി കേണലായ അജയ് കോഠിയാലിനെയാണ് ആം ആദ്മി പാര്‍ട്ടി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഹിന്ദു വിശ്വാസികളുടെ ആത്മീയ തലസ്ഥാനമാക്കി മാറ്റുമെന്നാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു വാഗ്ാദനം. 

ഉത്തര്‍ പ്രദേശില്‍ അയോധ്യയ്ക്കു പുറമെ ആഗ്രയിലും നോയ്ഡയിലും സെപ്തംബര്‍ ഒന്നിന് ആം ആദ്മി പാര്‍ട്ടി തിരംഗ യാത്ര സംഘടിപ്പിക്കുമെന്ന് സഞ്ജയ് സിങ് പറഞ്ഞു. പാര്‍ട്ടിയുടെ യുപി ചുമതലയുള്ള സിസോദിയയും സഞ്ജയ് സിങും രണ്ടിടങ്ങളിലും റാലികളില്‍ പങ്കെടുക്കും. സ്വാന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ പദ്ധതികളും പരിപാടികളുമാണ് ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ചു വരുന്നത്.
 

Latest News