Sorry, you need to enable JavaScript to visit this website.

ലൈംഗികാതിക്രമം എതിര്‍ത്തില്ലെങ്കില്‍  സമ്മതത്തിന് തുല്യം: മദ്രാസ് ഹൈക്കോടതി

ചെന്നൈ- ആദ്യ ലൈംഗികാതിക്രമം ചെറുക്കുന്നതില്‍ ഇരയുടെ പരാജയം മുന്‍കൂര്‍ സമ്മതത്തിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച്. 19കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് കീഴ്ക്കോടതി വിധിച്ച പത്ത് വര്‍ഷം കഠിനതടവ് റദ്ദാക്കിയാണ് ജസ്റ്റിസ് പൊങ്കിയപ്പന്റെ നിരീക്ഷണം. ആദ്യ ലൈംഗികാതിക്രമം ഇര എതിര്‍ക്കാതിരുന്നാല്‍ അത് മുന്‍കൂര്‍ സമ്മതത്തിന് തുല്യമാണ്. 21 വയസ്സുള്ള പ്രതിയും 19 വയസ്സുള്ള ഇരയും ഒരേ ഗ്രാമത്തിലുള്ളവരും ഒരു വര്‍ഷത്തോളം പ്രണയത്തിലായിരുന്നവരുമാണ്. വിവാഹ വാഗ്ദാനം നല്‍കി യുവാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഗര്‍ഭിണിയായതോടെ യുവാവ് വിവാഹത്തിന് വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്. ഇരയും പ്രതിയും പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിനാല്‍ ശാരീരിക ബന്ധം തുടര്‍ന്നെന്നും കോടതി ചൂണ്ടിക്കാട്ടി. ലൈംഗിക പീഡനത്തിനെതിരേ പരാതി നല്‍കാന്‍ രണ്ടരമാസം കഴിഞ്ഞതെന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. യുവാവിന്റെ ആദ്യ ലൈംഗികാതിക്രമം പ്രതിരോധിക്കാത്തത് മുന്‍കൂര്‍ സമ്മതത്തിന് തുല്യമാണെന്നും ജസ്റ്റിസ് പൊങ്കിയപ്പന്‍ ചൂണ്ടിക്കാട്ടി. പരാതിയുടെ പകര്‍പ്പും ഡോക്ടറുടെ റിപ്പോര്‍ട്ടും സംബന്ധിച്ച ചില സംശയങ്ങള്‍ ഉന്നയിച്ച ശേഷം കോടതി യുവാവിന്റെ ശിക്ഷ റദ്ദാക്കുകയായിരുന്നു.

Latest News