Sorry, you need to enable JavaScript to visit this website.

ഭരണകൂടത്തിന്റെ നുണകളെ തുറന്നു കാട്ടണം, വ്യാജ വാര്‍ത്ത പെരുകുന്നു- സുപ്രീം കോടതി ജഡ്ജി

ന്യൂദല്‍ഹി- സത്യം അറിയാന്‍ ഭരണകൂടത്തെ മാത്രം ആശ്രയിക്കാനാവില്ലെന്നും വ്യാജവാര്‍ത്തകള്‍ പെരുകുന്ന നിലവിലെ സാഹചര്യത്തില്‍ ഭരണകൂടത്തിന്റെ നുണകള്‍ തുറന്നുകാട്ടാന്‍ ബുദ്ധജീവികള്‍ക്ക് കടമയുണ്ടെന്നും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. ഒരു ജനാധിപത്യ രാജ്യത്ത് സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടായിരിക്കേണ്ടതും അസത്യങ്ങളേയും വ്യാജ വാര്‍ത്തകളേയും പ്രതിരോധിക്കേണ്ടതും പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  ആറാമത് ചീഫ് ജസ്റ്റിസ് എംസി ചഗ്ല സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്.  

സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ സത്യങ്ങള്‍ അറിയാനും, നിലവിലെ സാഹചര്യത്തില്‍ സത്യസന്ധമായ മെഡിക്കല്‍ വിവരങ്ങളും അറിയുന്നതിന് സര്‍ക്കാരിനെ ആശ്രയിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. ഉദാഹരണമായി കോവിഡ് വിവരങ്ങള്‍ പുറത്തു വിടുന്നതിലെ കൃത്രിമത്വങ്ങളും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സത്യമറിയാന്‍ ഭരണകൂടത്തെ മാത്രം ആശ്രയിക്കാനാവില്ല. സ്വേച്ഛാധിപത്യ സര്‍ക്കാരുകള്‍ അധികാരം ഉറപ്പിക്കാന്‍ അസത്യങ്ങളെ നിരന്തരം ആശ്രയിക്കുന്നത് പതിവാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ കോവിഡ് വിവരങ്ങളില്‍ കൃത്രിമത്വം കാണിക്കുന്ന പ്രവണത വര്‍ദ്ധിക്കുന്നതായി നമുക്കു കാണാം, ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു .

വ്യാജ വാര്‍ത്തകള്‍ പെരുകുന്ന പ്രവണത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടന കോവിഡ് മഹാമാരി സമയത്ത് ഇത് തിരിച്ചറിഞ്ഞ് ഇതിനെ 'ഇന്‍ഫോഡെമിക്' എന്ന് വിളിച്ചു. സെന്‍സേഷണല്‍ വാര്‍ത്തകള്‍ പലപ്പോഴും അസത്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് ഉത്തരവാദികള്‍ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
 

Latest News