Sorry, you need to enable JavaScript to visit this website.

ആദ്യരാത്രിയിലെ കന്യകാത്വ പരിശോധന തടഞ്ഞ യുവാക്കളെ വിവാഹ പന്തലിലിട്ട് തല്ലിച്ചതച്ചു

ന്യൂദൽഹി -വിവാഹിതരാകുന്ന സ്ത്രീകളെ ആദ്യരാത്രിയിൽ തന്നെ നിർബന്ധിത കന്യകാത്വ പരിശോധന നടത്തുന്ന വിചിത്ര ആചാരം ചോദ്യം ചെയ്ത യുവാക്കളെ വിവാഹപന്തലിലിട്ട് ആൾക്കൂട്ടം മർദ്ദിച്ചു. കഞ്ജർഭട്ട് സമുദായത്തിലാണ് ഈ ആചാരം നിലവിലുള്ളത്. പുനെയിൽ ഭട്ട് നഗറിൽ ഒരു വിവാഹ ചടങ്ങിനിടെ ഇതെ സമുദായത്തിൽപ്പെട്ട മൂന്ന് പേരാണ് നിർബന്ധിത കന്യകാത്വ പരിശോധനയെ ചോദ്യം ചെയ്തത്. തുടർന്ന് 40ഓളം പേർ ചേർന്നാണ് ഇവരെ മർദ്ദിച്ചത്. ഈ ആചാരത്തിനെതിരെ പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ബോധവൽക്കരണം നടത്തുന്ന പ്രശാന്ത് ഇന്ദ്രേക്കർ, സൗരഭ് മച്ചാലെ, പ്രശാന്ത് തംചിക്കർ എന്നിവരാണ് ആക്രമിക്കപ്പെട്ടത്.

ഞായറാഴ്ച നടന്ന വിവാഹ ചടങ്ങിനു ശേഷം സമുദായത്തിലെ മുതിർന്ന അംഗങ്ങളുടെ നേതൃത്വത്തിൽ ജാതി പഞ്ചായത്ത് ചേർന്ന് വധു കന്യകാത്വ പരിശോധനയ്ക്ക് വിധേയയാകണമെന്ന് തിട്ടൂരമിറക്കുകയായിരുന്നു. ഇതിനെയാണ് യുവാക്കൾ ചോദ്യം ചെയ്തത്. ഇതോടെ മുതിർന്നവരെല്ലാം യുവാക്കൾക്കെതിരെ തിരിഞ്ഞു. ഇതിനിടെയാണ് ആൾക്കൂട്ടം കസേരകളും വടികളുമായി ഇവരെ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. 

പൂനെയിലേയും മുംബൈയിലേയും യുവാക്കൾ അടങ്ങുന്ന വാട്‌സാപ്പ് ഗ്രൂപ്പിന് തുടക്കമിട്ടത് ഇതേസമുദായത്തിൽപ്പെട്ട വിവേക് തമയ്‌ചേക്കർ എന്ന മുംബൈ ടാറ്റ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസസ് വിദ്യാർത്ഥിയാണ്. ജാതി പഞ്ചായത്ത് ചേർന്ന് നടത്തുന്ന ഈ കന്യകാത്വ പരിശോധനയ്‌ക്കെതിരായ ഇവരുടെ പ്രവർത്തനങ്ങൾക്ക് കൊല്ലപ്പെട്ട യുക്തിവാദി നേതാവ് നരേന്ദ്ര ദബോൽക്കറിന്റെ സംഘടനയായ മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതിയുടെ പിന്തുണയുമുണ്ട്.

കഞ്ജർഭട്ട് സമുദായത്തിന്റെ ഈ ആചാര പ്രകാരം വിവാഹ ദിവസം ദമ്പതികൾക്ക് ഒരു വെള്ളത്തുണി നൽകും. ആദ്യ രാത്രി ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ഉപയോഗിക്കാനാണിത്. അടുത്ത ദിവസം മുതിർന്നവരുൾപ്പെടുന്ന ജാതി പഞ്ചായത്ത് ചേർന്ന് വരനോട് വധു എങ്ങനെ ഉണ്ടായിരുന്നു എന്ന് അന്വേഷിക്കും. വധു കന്യകയാണെന്നു സൂചിപ്പിക്കാൻ 'മാൽ ഖാരാ' (നല്ല മുതലാണ്) എന്ന് മൂന്ന് തവണ പറയണം. വരൻ ഇങ്ങനെ പറഞ്ഞില്ലെങ്കിൽ വധുവിനെ ചോദ്യം ചെയ്യും. ആരാണ് കന്യകാത്വം നഷ്ടപ്പെടുത്തിയതെന്ന് വധു മറുപടി പറയണം. കന്യകാത്വ പരിശോധനയിൽ പരാജയപ്പെടുന്ന ദമ്പതികൾ പിഴയൊടുക്കണം. പ്രധാനമായും പണമാണ് പിഴ. നിശ്ചിത തുകയില്ല. ആൾക്കനുസരിച്ചാണ് ഈടാക്കുക. 

ഈ ദുരാചാരത്തിനെതിരെയാണ് തങ്ങൾ പ്രചാരണം നടത്തിയതെന്നും ഇതോടെ സമുദായത്തിലെ പലരും തങ്ങൾക്കെതിരായെന്നും ഇന്ദ്രേഷ് പറയുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആക്രമിച്ചവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
 

Latest News