ന്യൂദൽഹി- രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ വരുമാനത്തിൽ വൻ വർധന. 2019-20 വർഷത്തിൽ 50.34 ശതമാനം വർധിച്ച് 3,623.28 കോടിയിലെത്തി. അതേസമയം കോൺഗ്രസിന്റെ വരുമാനം 25.69 ശതമാനം കുറഞ്ഞ് 682.21 കോടി രൂപയിലെത്തി. ബി.ജെ.പി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി, സി.പി.എം, സി.പി.ഐ, ബി.എസ്.പി എന്നീ ഏഴ് ദേശീയ പാർട്ടികൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷം സംഭാവനകളിലൂടെയും തെരഞ്ഞെടുപ്പു ബോണ്ടുകളിലൂടെയും ലഭിച്ചത് 4758.20 കോടി രൂപയാണ്. ഇതിൽ 76.15 ശതമാനം പണവും എത്തിയത് ബി.ജെ.പിയുടെ കൈകളിലാണ്. മറ്റു ആറ് ദേശീയ പാർട്ടികളും വരുമാനത്തിൽ വളരെ പിന്നിലാണ്. കോൺഗ്രസിന് 14.24 ശതമാനം ലഭിച്ചപ്പോൾ മറ്റുള്ള പാർട്ടികളുടെ പങ്ക് 3.33 ശതമാനം മാത്രം.
2018-19 വർഷത്തിൽ ബി.ജെ.പിയുടെ വരുമാനം 2410.08 കോടി ആയിരുന്നതാണ് 2019-20 വർഷത്തിൽ വർധിച്ച് 3623.28 കോടി രൂപയായത്. അതേസമയം 2018-19 വർഷത്തിൽ കോൺഗ്രസിന്റെ വരുമാനം 918.03 കോടി രൂപ ആയിരുന്നതിൽ നിന്ന് കുറഞ്ഞ് 682.21 കോടി രൂപ ആയി. തൃണമൂൽ കോൺഗ്രസിന്റെയും വരുമാനം മുൻ സാമ്പത്തിക വർഷത്തിൽ 192.65 കോടി ആയിരുന്നതിൽ നിന്ന് 2019-20 വർഷത്തിൽ 143.76 കോടിയായി ചുരുങ്ങി. എന്നാൽ സി.പി.എമ്മിന്റെ വരുമാനത്തിൽ 2018-19 വർഷം 100.96 കോടി രൂപ ആയിരുന്നതിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 158.62 കോടി രൂപയായി വർധിച്ചിട്ടുണ്ട്. എൻ.സി.പിയുടെയും വരുമാനം അക്കാലയളവിൽ 50.71 കോടി രൂപ ആയിരുന്നതിൽ നിന്ന് 85.58 കോടി രൂപയായി ഉയർന്നു. ബി.എസ്.പിയുടെ വരുമാനം 69.70 കോടി രൂപ ആയിരുന്നതിൽ നിന്ന് 58.24 കോടിയായി കുറഞ്ഞു. സി.പി.ഐയുടെ വരുമാനം 7.15 കോടി രൂപ ആയിരുന്നതിൽ നിന്ന് 6.58 കോടി രൂപയായി കുറഞ്ഞു.
അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ (എ.ഡി.ആർ) കണക്കുകൾ അനുസരിച്ച് ബി.ജെ.പി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി എന്നീ പാർട്ടികൾ സ്വീകരിച്ച സംഭാവനയിൽ 62.92 ശതമാനവും തെരഞ്ഞെടുപ്പു ബോണ്ടുകളിലൂടെയാണ്. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമായി 3429.55 കോടി രൂപയുടെ തെരഞ്ഞെടുപ്പു ബോണ്ടുകൾ ലഭിച്ചപ്പോൾ അതിന്റെ 87.29 ശതമാനവും ലഭിച്ചത് ബി.ജെ.പിക്കും കോൺഗ്രസിനും തൃണമൂൽ കോൺഗ്രസിനും എൻ.സി.പിക്കും ആണ്. തെരഞ്ഞെടുപ്പു ബോണ്ടുകൾ വഴി ബി.ജെ.പി 2555 കോടി രൂപ സമാഹരിച്ചപ്പോൾ കോൺഗ്രസിന് ഇതുവഴി ലഭിച്ചത് 317.861 കോടി രൂപ. തൃണമൂൽ കോൺഗ്രസിന് 100.46 കോടി രൂപയുടെയും എൻ.സി.പിക്ക് 20.50 കോടി രൂപയുടെയും തെരഞ്ഞെടുപ്പു ബോണ്ടുകൾ ലഭിച്ചു. സി.പി.എം, സി.പി.ഐ, ബി.എസ്.പി എന്നീ പാർട്ടികൾക്ക് തെരഞ്ഞെടുപ്പു ബോണ്ടുകൾ ലഭിച്ചുമില്ല.
ചെലവിന്റെ കണക്കുകളിലും മുന്നിൽ ബി.ജെ.പിയാണ്. ബി.ജെ.പി 1651.02 കോടി, കോൺഗ്രസ് 999.15 കോടി, സി.പി.എം 105.68 കോടി, തൃണമൂൽ കോൺഗ്രസ് 107.27 കോടി, എൻ.സി.പി 109.18 കോടി, ബി.എസ്.പി 95.05 കോടി, സി.പി.ഐ 6.53 കോടി എന്നിങ്ങനെയാണ് ചെലവിന്റെ കണക്കുകൾ. തെരഞ്ഞെടുപ്പുകൾക്കും പ്രചാരണങ്ങൾക്കുമായി ബി.ജെ.പി കഴിഞ്ഞ സാമ്പത്തിക വർഷം ചെലവഴിച്ചത് 1352.92 കോടി രൂപയാണ്. പാർട്ടി സംവിധാനങ്ങൾക്കായി 161.54 കോടി രൂപയും ചെലവഴിച്ചു. തെരഞ്ഞെടുപ്പുകൾക്കായി കോൺഗ്രസ് ഇക്കാലയളവിൽ 864.03 കോടി രൂപയും പാർട്ടി കാര്യങ്ങൾക്കായി 99.393 കോടി രൂപയും ചെലവഴിച്ചു. തെരഞ്ഞെടുപ്പിനായി എൻ.സി.പി 84.12 കോടിയും തൃണമൂൽ കോൺഗ്രസ് 74.65 കോടിയും ബി.എസ്.പി 51.75 കോടി രൂപയും ചെലവഴിച്ചു.






