മൈസൂർ ബലാത്സംഗ കേസില്‍ മൂന്ന് മലയാളി വിദ്യാർഥികളെ തെരയുന്നു

മൈസൂര്‍- മൈസൂരില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മലയാളി വിദ്യാര്‍ഥികളും ഉള്‍പ്പെട്ടതായി റിപ്പോർട്ട്.  വിദ്യാർഥിനി പഠിക്കുന്ന കോളേജിലെ മൂന്നു മലയാളി വിദ്യാര്‍ഥികളെക്കുറിച്ചാണ് പോലീസ് സംശയം ഉന്നയിക്കുന്നത്. 

മൈസൂരുവിലെ ചാമുണ്ഡി ഹില്‍സിലാണ് കോളേജ് വിദ്യാര്‍ഥിനിയെ ആറ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. മണിക്കൂറുകളോളമാണ് 22കാരിയായ എം.ബി.എ വിദ്യാര്‍ത്ഥിനി  ക്രൂരപീഡനത്തിന് ഇരയായത്.
സംഭവത്തിനുശേഷം മലയാളി വിദ്യാര്‍ഥികളെ കാണാതായിരിക്കുകയാണ്. ഇവര്‍ക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പീഡനം നടന്നതിന്‍റെ അടുത്ത ദിവസം കോളേജില്‍ നടന്ന പരീക്ഷ ഈ വിദ്യാര്‍ഥികള്‍ എഴുതിയിരുന്നില്ല.  പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നു. മൂന്ന് ലക്ഷം രൂപ  നല്‍കിയില്ലെങ്കില്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവിടുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു.

സുഹൃത്തിനൊപ്പം ബൈക്കില്‍ ചാമുണ്ഡി ഹില്‍സ് കാണാനെത്തിയ വിദ്യാര്‍ഥിനിയെ സുഹൃത്തിനെ അടിച്ചുവീഴ്ത്തിയ ശേഷം  വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷംകുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.  ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികള്‍ രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്.

Latest News