തൃശൂർ- തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സംഘർഷം. മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന യു.ഡി.എഫ് ആവശ്യം മേയർ അംഗീകരിക്കാത്തതിനെ തുടർന്ന് ഭരണ പ്രതിപക്ഷ കൗൺസിലർമാർ തമ്മിലായിരുന്നു സംഘർഷം. ബഹളത്തോടെയാണ് കൗൺസിൽ യോഗം തുടങ്ങിയത്. മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. പ്ലാൻ നടപ്പിലാക്കിയാൽ തൃശൂരിന്റെ പൈതൃകം നഷ്ടപ്പെടുമെന്നാണ് ഉന്നയിക്കപ്പെടുന്ന പ്രധാന വാദം.
മേയർ എം.കെ വർഗീസിനെ പ്രതിപക്ഷ കൗൺസിലർമാർ തടഞ്ഞുവച്ചു. കൗൺസിൽ അറിയാതെയാണ് പ്ലാൻ കൊണ്ടുവന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.എന്നാൽ 2012 മുൻ ഭരണസമിതിയുടെ സമയത്ത് കൊണ്ടുവന്ന മാസ്റ്റർ പ്ലാൻ ആണെന്നാണ് മേയറുടെ വാദം.2016-ൽ ഇടതുമുന്നണി വന്നപ്പോൾ പുതിയ മാസ്റ്റർ പ്ലാൻ കൊണ്ടുവന്നെന്നും അതിന്റെ ഭാഗമായി ഉണ്ടായ മാറ്റങ്ങളാണ് കൗൺസിൽ അറിയാതെ ഏകപക്ഷീയമായി നടത്താൻ ശ്രമിച്ചതെന്നും പ്രതിപക്ഷം പറയുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് പ്രതിപക്ഷ വാദം. ഭൂമാഫിയയുമായുളള ഒത്ത്കളിയാണ് നടക്കുന്നതെന്നും ഈ മാസ്റ്റർ പ്ലാൻ നടന്നാൽ 85 ശതമാനം ഭൂമിയും നികത്തേണ്ടി വരും. തൃശൂര‍്‍ നഗരം മുഴുവൻ വെളളക്കെട്ടിലാകുമന്നും പ്രതിപക്ഷം ആരോപിക്കുന്നു.