Sorry, you need to enable JavaScript to visit this website.

കോടിയേരിയുടെ മകൻ ബിനോയ് കോടിയേരിക്കെതിരെ 13 കോടിയുടെ തട്ടിപ്പ് കേസ്

തിരുവനന്തപുരം- സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ തട്ടിപ്പുകേസ്. ദുബായിൽ കമ്പനിയിൽനിന്ന് 13 കോടി രൂപ തട്ടിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് സി.പി.എം പോളിറ്റ് ബ്യൂറോക്കും കമ്പനി അധികൃതർ പരാതി നൽകി. ബിനോയിയെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടാനും തീരുമാനിച്ചു. ദുബായിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുടെതാണ് പരാതി. ബിനോയ്ക്ക് പുറമെ, സി.പി.എം എം.എൽ.എ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്തിനെതിരെയും പരാതിയുണ്ട്. ചവറയിൽനിന്നുള്ള എം.എൽ.എ യാണ് വിജയൻ പിള്ള. 
ജാസ് ടൂറിസം എൽ.എൽ.സി ദുബായ് എന്ന കമ്പനിയാണ് പരാതി നൽകിയത്. 2015ന് മുമ്പാണ് വായ്പയെടുത്തത്. 
പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കമ്പനി അധികൃതർ നിരവധി തവണ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും സമീപിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാമെന്ന് കോടിയേരി ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഇത് പാലിക്കപ്പെടാനായില്ല. തുടർന്നാണ് പോളിറ്റ്ബ്യൂറോക്ക് പരാതി നൽകിയത്. 
ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം(53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്കായി 45 ദിർഹവും(7.7 കോടി രൂപ)കമ്പനി എക്കൗണ്ട് വഴി വായ്പയെടുത്തിരുന്നു. ബിസിനസ് ആവശ്യങ്ങൾക്ക് എടുത്ത വായ്പ 2016 ജൂൺ ഒന്നിന് മുമ്പ് തിരികെ നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ അത് ലംഘിക്കപ്പെട്ടു. 
കാർ വായ്പയും ഇടയ്ക്ക് വെച്ച് നിർത്തി. പലിശക്ക് പുറമെ, 2,09,704 ദിർഹമാണ് ഇനി അടക്കാനുള്ളത്. ബാങ്ക് പലിശയും കോടതി ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപ കണക്കാക്കിയിരിക്കുന്നത്. 
അതേസമയം, ഇതിന് പുറമെ, അഞ്ച് ക്രിമിനൽ കേസുകൾ കൂടി ദുബായിൽ ബിനോയ് കോടിയേരിയുടെ മകന്റെ പേരിലുണ്ടെന്ന് കമ്പനി ആരോപിച്ചു. ഒരു വർഷമായി ബിനോയ് കോടിയേരി ദുബായിൽനിന്ന് വിട്ടുനിൽക്കുകയാണ്. 
തിരിച്ചടവിന് വേണ്ടി മെയ് 16ന് ബിനോയ് നൽകിയ രണ്ടു ചെക്കുകളും മടങ്ങിയിരുന്നു. 
അതേസമയം, പരാതി വ്യാജമാണെന്ന് ബിനോയ് വ്യക്തമാക്കി. 2016-ലെ ഇടപാടുമായി ബന്ധപ്പെട്ടാണ് പരാതി ഉണ്ടായിരുന്നതെന്നും പരാതിക്ക് പിന്നിൽ മറ്റു താല്പര്യമാണെന്നും ബിനോയ് വ്യക്തമാക്കി. രാഹുൽ കൃഷ്ണ എന്നയാൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് ബിനോയ് പറയുന്നത്. ജാസ് ടൂറിസം കമ്പനിയുമായി രാഹുൽ കൃഷ്ണക്ക് ബന്ധമുണ്ടായിരുന്നു. രാഹുലുമായി ബിസിനസ് ബന്ധമുണ്ടായിരുന്നു. രാഹുൽ കൃഷ്ണക്ക് പണം നൽകിയിട്ടുണ്ടെന്നും അത് ജാസ് കമ്പനിക്ക് അയാൾ നൽകാത്തതാണ് പ്രശ്‌നത്തിൽ കാരണമെന്നും ബിനോയ് പറഞ്ഞു.

Latest News