റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥികളുടെ നീണ്ടനിര

റിപ്പബ്ലിക് ദിന പരേഡ് റിഹേഴ് സല്‍

ന്യൂദല്‍ഹി- റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥിയായി വീണ്ടും ഒരു ഇന്തൊനേഷ്യന്‍ പ്രസിഡന്റ് എത്തുന്നു. 1950 ജനുവരി 26-ന് ഇന്ത്യയുടെ പ്രഥമ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി തെക്കുകിഴക്കനേഷ്യയിലെ കരുത്തുറ്റ നേതാവായിരുന്ന മുന്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുകര്‍ണോ ആയിരുന്നു. 68-ാം റിപ്പബ്ലിക് ദിനത്തില്‍ അതിഥിയായി എത്തുന്നത് സുകര്‍ണോയുടെ പിന്‍ഗാമിയായ പ്രസിഡന്റ് ജോകൊ വിഡോഡോ ആണ്. ഇത്തവണ ഒരു മുഖ്യാതിഥി മാത്രമല്ല ഉള്ളത്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക, വ്യാപാര കുട്ടായ്മയായ ആസിയാനിലെ മറ്റു ഒമ്പത് അംഗരാജ്യങ്ങളുടെ തലവന്‍മാര്‍ മുഖ്യാതിഥികളായി ഉണ്ടാകും. 

ആദ്യമായാണ് റിപ്പബ്ലിക് ദിനത്തില്‍ രണ്ടിലേറെ മുഖ്യാതിഥികള്‍ ഒന്നിച്ച് എത്തുന്നത്. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് ഈ നീക്കം. 10 മുഖ്യാതിഥികള്‍ക്കു വേണ്ടിയുള്ള വിപുലമായ ഒരുക്കങ്ങളാണ് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്പഥില്‍ നടന്നുവരുന്നത്. ഇവിടെ തയാറാക്കുന്ന വിഐപി ഇരിപ്പിടം 10 നേതാക്കളേയും ഒരു പോലെ ഉള്‍ക്കൊള്ളുന്നതാകും. 
ജോകോ വിഡോഡോയെ കൂടാതെ മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂ ചി, സിംഗപൂര്‍ പ്രധാനമന്ത്രി ലീ സെയ്ന്‍ ലൂങ്, മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ്, തായ്ലാന്‍ഡ് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഓ ച, വിയറ്റ്നാം പ്രധാനമന്ത്രി ങ്യുയെന്‍ ഷുവാന്‍ ഫുക്, ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡുട്ടെര്‍ട്ടെ, കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്‍, ലാവോസ് പ്രധാനമന്ത്രി തോങ്ലോന്‍ സിസോലിത്, ബ്രൂണെ സുല്‍ത്താന്‍ ഹനസുല്‍ ബോല്‍കിയ എന്നിവരാണ് മുഖ്യാതിഥികള്‍. 

Latest News