Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ രണ്ട് മാസത്തിനിടെ 6,000  മധ്യാഹ്ന വിശ്രമ നിയമ ലംഘനങ്ങൾ

റിയാദ് - സൗദിയിൽ രണ്ടു മാസത്തിനിടെ 6,000 ത്തിലേറെ മധ്യാഹ്ന വിശ്രമ നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ജൂൺ 15 മുതൽ ഓഗസ്റ്റ് 15 വരെയുള്ള കാലയളവിൽ 6,746 മധ്യാഹ്ന വിശ്രമ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയത് കിഴക്കൻ പ്രവിശ്യയിലാണ്. ഇവിടെ 2,543 കേസുകൾ കണ്ടെത്തി. 
രണ്ടാം സ്ഥാനത്തുള്ള റിയാദ് പ്രവിശ്യയിൽ 1,098 ഉം മൂന്നാം സ്ഥാനത്തുള്ള അൽഖസീമിൽ 886 ഉം ഹായിലിൽ 706 ഉം മക്ക പ്രവിശ്യയിൽ 618 ഉം മദീനയിൽ 356 ഉം ജിസാനിൽ 180 ഉം അൽജൗഫിൽ 101 ഉം നജ്‌റാനിൽ 88 ഉം തബൂക്കിൽ 70 ഉം അസീറിൽ 44 ഉം ഉത്തര അതിർത്തി പ്രവിശ്യയിൽ 37 ഉം അൽബാഹയിൽ 19 ഉം മധ്യാഹ്ന വിശ്രമ നിയമ ലംഘനങ്ങളാണ് രണ്ടു മാസത്തിനിടെ കണ്ടെത്തിയത്. 


സൗദിയിലെ വിവിധ പ്രവിശ്യകളിൽ മധ്യാഹ്ന വിശ്രമ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ രണ്ടു മാസത്തിനിടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ സംഘങ്ങൾ 13,631 ഫീൽഡ് പരിശോധനകളാണ് നടത്തിയത്. റിയാദ് പ്രവിശ്യയിൽ 1,982 ഉം മക്ക പ്രവിശ്യയിൽ 3,300 ഉം കിഴക്കൻ പ്രവിശ്യയിൽ 3,835 ഉം മദീനയിൽ 1,391 ഉം അൽഖസീമിൽ 1,350 ഉം ഹായിലിൽ 893 ഉം അൽജൗഫിൽ 296 ഉം ഉത്തര അതിർത്തി പ്രവിശ്യയിൽ 51 ഉം തബൂക്കിൽ 121 ഉം അൽബാഹയിൽ 100 ഉം അസീറിൽ 121 ഉം ജിസാനിൽ 42 ഉം നജ്‌റാനിൽ 149 ഉം ഫീൽഡ് പരിശോധനകളാണ് മധ്യാഹ്ന വിശ്രമ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഇക്കാലയളവിൽ നടത്തിയത്. രണ്ടു മാസത്തിനിടെ പ്രതിദിനം ശരാശരി 112 മധ്യാഹ്ന വിശ്രമ നിയമ ലംഘനങ്ങൾ വീതം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം കണ്ടെത്തി. 


സൗദിയിൽ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്നു മാസക്കാലമാണ് മധ്യാഹ്ന വിശ്രമ നിയമം നിലവിലുള്ളത്. ഇക്കാലത്ത് ഉച്ചക്ക് പന്ത്രണ്ടു മുതൽ വൈകിട്ട് മൂന്നു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ വെയിലേൽക്കുന്ന നിലയിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന് വിലക്കുണ്ട്. സ്വകാര്യ മേഖലാ തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ സംരക്ഷിക്കാനും ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യാനും ആരോഗ്യപരമായ അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ അകറ്റിനിർത്താനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നത്. 


മധ്യാഹ്ന വിശ്രമ നിയമത്തിന് അനുസൃതമായി തൊഴിലാളികളുടെ ജോലി സയമം സ്വകാര്യ സ്ഥാപനങ്ങൾ ക്രമീകരിക്കണമെന്ന് നിർദേശമുണ്ട്. മധ്യാഹ്ന വിശ്രമം നടപ്പാക്കേണ്ടതില്ലാത്ത നിലക്ക് താപനില കുറഞ്ഞ ചില പ്രദേശങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തിലുള്ള കാലത്ത് ഈ പ്രവിശ്യകളിലെയും പ്രദേശങ്ങളിലെയും കാലാവസ്ഥാ സാഹചര്യങ്ങൾക്കും താപനിലക്കും അനുസരിച്ച് ഉച്ച വിശ്രമ നിയമം നടപ്പാക്കേണ്ട ആവശ്യം എത്ര മാത്രമാണെന്ന് നിർണയിക്കാൻ അതത് പ്രവിശ്യകളിലെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവികളുമായി മന്ത്രാലയം ഏകോപനം നടത്തുന്നുണ്ട്. 


അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളികൾക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാർക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമല്ല. ഈ വിഭാഗം തൊഴിലാളികൾക്ക് വെയിലിൽ നിന്ന് സംരക്ഷണം നൽകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ തൊഴിലുടമകൾ ഏർപ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ നിയമത്തിൽ വകുപ്പുണ്ട്. മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് തൊഴിലാളികളിൽ ഒരാൾക്ക് 3,000 റിയാൽ തോതിൽ പിഴ ചുമത്താൻ നിയമം അനുശാസിക്കുന്നു. നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ചുമത്തും. 


 

Latest News