വാകമരച്ചോട്ടിൽ പുസ്തകങ്ങൾ അനാഥമാക്കി മുസ്തഫ യാത്രയായി

കണ്ണൂർ- നഗര ഹൃദയത്തിലെ വാകമരച്ചോട്ടിൽ രണ്ടര പതിറ്റാണ്ടോളം കാലം പുസ്തകവിൽപന നടത്തിവന്നിരുന്ന അക്ഷര സ്‌നേഹി യാത്രയായി. സ്‌റ്റേഡിയം കോർണറിലെ വാകമരച്ചുവട്ടിൽ, വായിച്ചുപേക്ഷിക്കുന്ന പുസ്തകങ്ങളുടെ വിൽപന നടത്തി വന്നിരുന്ന കാഞ്ഞിരോട് സ്വദേശി പള്ളിക്കച്ചാലിൽ മുത്തു എന്ന മുസ്തഫ (62) യാണ് നിര്യാതനായത്.
വായന മരിച്ചുവെന്ന് പറയുന്ന ഡിജിറ്റൽ യുഗത്തിലും പുസ്തകങ്ങൾക്കായി നൂറുകണക്കിനാളുകൾ ഇദ്ദേഹത്തെ തേടിയെത്താറുണ്ടായിരുന്നു. ചെറിയ വിലയിൽ പുസ്തകങ്ങൾ ലഭിക്കുന്നതായിരുന്നു പ്രധാന ആകർഷണം. ചിത്രകഥാപുസ്തകങ്ങൾ മുതൽ മെഡിക്കൽ എൻജിനീയറിംഗ് പുസ്തങ്ങൾ വരെ ഇവിടെ ലഭിക്കും. രാമായണം, മഹാഭാരതം ഉൾപ്പെടെ ആധ്യാത്മിക ഗ്രന്ഥങ്ങളും സുലഭം.
തിരുവനന്തപുരവും, കൊച്ചിയും കോഴിക്കോടും ഉൾപ്പെടെയുള്ള മഹാനഗരങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സെക്കന്റ് ഹാൻഡ് പുസ്തക വിപണി കണ്ണൂരിന് പരിചയപ്പെടുത്തിയ വ്യക്തി കൂടിയാണ് മുസ്തഫ. രണ്ട് പതിറ്റാണ്ട് മുമ്പ് സ്‌റ്റേഡിയം കോർണറിൽ തട്ടടിച്ച് അതിൻമേൽ പുസ്തകങ്ങൾ നിരത്തിയായിരുന്നു വിൽപന. അക്ഷരങ്ങളോടുള്ള അടുപ്പത്തെത്തുടർന്നാണ് ഈ രംഗത്തേക്ക് കടക്കാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. പരീക്ഷകൾക്ക് തയാറെടുക്കുന്നവരും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ പുസ്തകങ്ങൾ തേടിയെത്തിയതോടെ, പ്രാദേശികമായും ഇതിന് പുറമെ എറണാകുളം തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നും പുസ്തകങ്ങൾ എത്തിച്ചു തുടങ്ങി. പുസ്തകങ്ങൾ യഥാർഥ വിലയേക്കാൾ 50 ശതമാനത്തിലും അധികം വിലക്കിഴിവിൽ ലഭിച്ചു തുടങ്ങിയതോടെ വിദൂരദേശങ്ങളിൽനിന്നു പോലും ആവശ്യക്കാർ എത്തി. വിദ്യാർഥികൾക്കും മറ്റും അവരാവശ്യപ്പെടുന്ന പുസ്തകകൾ കൃത്യമായി എത്തിച്ചു നൽകുകയും ചെയ്തിരുന്നു. നഗരത്തിലെ വഴിയോര കച്ചവട സ്ഥാപനങ്ങൾ ഈ കാലത്തിനിടയിൽ പലതവണ കോർപറേഷൻ അധികൃതർ എടുത്തു മാറ്റിയിരുന്നുവെങ്കിലും മുസ്തഫയുടെ പുസ്തകങ്ങളിൽ ഒരിക്കൽ പോലും അധികൃതർ തൊട്ടിട്ടില്ല. ഓണം ഉൾപ്പെടെയുള്ള ഉത്സവകാലങ്ങളിൽ അന്യസംസ്ഥാനക്കാർ സാധനങ്ങളുമായി വിൽപനക്കെത്തുമ്പോൾ ഇദ്ദേഹം പുസ്തകവിൽപന മാറ്റി വെച്ച് സ്വയം ഒഴിഞ്ഞു കൊടുക്കുമായിരുന്നു.
      കാഞ്ഞിരോട് കൊട്ടാൻ ചേരി കോട്ടം റോഡിൽ ജന്നത്തിൽ പരേതരായ ചാളക്കണ്ടി പുതിയ പുരയിൽ മൊയ്തീൻ കുട്ടിയുടെയും പള്ളിക്കച്ചാൽ ഖദീജയുടെയും മകനാണ് മുസ്തഫ. എ. റസിയയാണ് ഭാര്യ. ഫസീമ, ഫെനാസ് എന്നിവർ മക്കളും, സാദിഖ് (ദുബായ്), ഇർഫാന എന്നിവർ മരുമക്കളുമാണ്. 
മഴയത്തും വെയിലത്തും പുസ്തകങ്ങളെ വലിയ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിക്കെട്ടിയാണിദ്ദേഹം സംരക്ഷിച്ചിരുന്നത്. സ്വന്തം ജീവിതത്തിന്റെ ഭാഗമായി കണ്ട നൂറുകണക്കിന് പുസ്തകങ്ങളെ വാകമരച്ചോട്ടിൽ അനാഥമാക്കിയാണ് മുസ്തഫ കടന്നു പോയത്. കബറടക്കം കാഞ്ഞിരോട് പഴയ പള്ളിയിൽ നടന്നു.

Latest News