ന്യൂദൽഹി- ഡ്രോണുകളുടെ ഉപയോഗം, വാങ്ങൽ, വിൽപന എന്നിവയ്ക്ക് കേന്ദ്ര വ്യോമയാനമന്ത്രാലയം പുതിയ നയം പുറത്തിറക്കി. രജിസ്റ്റർ ചെയ്യാത്ത ഡ്രോൺ ഇനി പറത്താനാകില്ല. വഹിക്കാവുന്ന ഭാര പരിധി കൂട്ടുകയും ചട്ടലംഘനങ്ങളുടെ പിഴ തുകയും രജിസ്‌ട്രേഷൻ ഫീസും കുറച്ചു. ചരക്ക് നീക്കത്തിന് ഡ്രോൺ ഇടനാഴി രൂപീകരിക്കും. ചട്ടങ്ങൾ ചരിത്രപരമാണെന്നും പുതിയ അവസരങ്ങൾക്ക് വഴി തുറക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചു.
പുതിയ നയത്തിൽ ഡ്രോണുകളെ അഞ്ചുവിഭാഗമായി തിരിച്ചിട്ടുണ്ട്. 250 ഗ്രാം വരെ നാനോ, രണ്ടു കിലോ വരെ മൈക്രോ, 25 കിലോ വരെ സ്‌മോൾ, 150 കിലോ വരെ മീഡിയം, 150കിലോയിൽ കൂടുതൽ ലാർജ് എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ഡിജിറ്റൽ സ്‌കൈ പ്ലാറ്റ്‌ഫോം വഴി ഡ്രോണുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. യുണീക് ഐഡൻറിഫിക്കേഷൻ നമ്പറുമുണ്ടാകും. രജിസ്റ്റർ ചെയ്യാത്തവ ഉപയോഗിക്കരുത്. റജിസ്‌ട്രേഷന് മുൻകൂർ പരിശോധന ആവശ്യമില്ല. പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങിനെ വ്യോമപാതകൾ മേഖലകളാക്കി തിരിച്ച് ഉപയോഗത്തിന് നിയന്ത്രണമുണ്ടാകും.
ഡ്രോണുകൾ നഷ്ടപ്പെടുകയോ, ഉപയോഗശൂന്യമാവുകയോ ചെയ്താൽ നിശ്ചതഫീസ് നൽകി വീണ്ടും റജിസ്റ്റർ ചെയ്യണം. 500 കിലോഗ്രാം വരെ ഭാരം വഹിക്കാം. ആയുധങ്ങളും അപകടകരമായ വസ്തുക്കളും കൊണ്ടുപോകാൻ മുൻകൂർ അനുമതി വേണം. മറ്റൊരാളുടെ സുരക്ഷയെ ബാധിക്കും വിധം ഡ്രോൺ ഉപയോഗിക്കാൻ പാടില്ല. പിഴത്തുക ഒരു ലക്ഷം രൂപയാക്കി കുറച്ചു. ആളില്ലാ വിമാനങ്ങൾ പറത്താൻ ലൈസൻസ് നിർബന്ധമാണ്. പത്താംക്ലാസ് പാസായ, പരിശീലനം ലഭിച്ച 18നും 65നും ഇടയിൽ പ്രായമുള്ളവർക്കാണ് ലൈസൻസ് ലഭിക്കുക.