കാബൂൾ- അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ വിമാനത്തിന് പുറത്ത് രണ്ടിടത്തുണ്ടായ സ്‌ഫോടനത്തിൽ മരണം മുപ്പതായി. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടും. അമേരിക്കയുടെ നാലു സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. സ്വദേശികളും വിദേശികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. അറുപതിലേറെ പേർക്ക് പരിക്കേറ്റു. ചാവേറാക്രമണമാണ് നടന്നത്. സ്‌ഫോടനത്തിൽ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ചാവേറാക്രമണമാണ് നടന്നത്. നിരവധി താലിബാൻ പ്രവർത്തകർക്കും പരിക്കുണ്ട്.
ഒരു സ്‌ഫോടനം നടന്നത് വിമാനത്താവളത്തിലെ അബ്ബേ ഗേറ്റിന് സമീപമാണെന്നും രണ്ടാമത്തേത് അടുത്തുള്ള ബാരൺ ഹോട്ടലിന് സമീപത്തുമായിരുന്നു. ഇരട്ട സ്‌ഫോടനങ്ങളിലൊന്ന് ചാവേർ ആക്രമണമാകാനാണ് സാധ്യതയെന്ന് യു.എസ്. സൈനികർ പറഞ്ഞു. പരിക്കേറ്റവരിൽ അമേരിക്കയുടെ സൈനിക ഉദ്യോഗസ്ഥരുണ്ട്. ഐ.എസാണ് സ്‌ഫോടനത്തിൽ പിന്നിലെന്നാണ് പ്രാഥമിക വിവരം. ചാവേർ സ്‌ഫോടനമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. സ്‌ഫോടനത്തിൽ പരിക്കേറ്റവരെയുമായി ജനം പരക്കം പായുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തത് മുതൽ 95,000ത്തോളം പേരാണ് രാജ്യത്തുനിന്ന് വിവിധ രാജ്യങ്ങളിലേക്ക് കടന്നത്.
വിമാനതാവളത്തിന് നേരെയുള്ള ഭീഷണി ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബ്രിട്ടൻ വ്യക്തമാക്കി. ഹമീദ് കർസായി വിമാനതാവളത്തിലേക്ക് ആരും യാത്ര ചെയ്യരുതെന്നും ബ്രിട്ടൻ മുന്നറിയിപ്പ് നൽകി. വിമാനതാവളത്തിന് അടുത്തുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും പുതിയ നിർദ്ദേശം വരുന്നത് വരെ കാത്തിരിക്കണമെന്നും ബ്രിട്ടൻ ആവശ്യപ്പെട്ടു.