തിരുവനന്തപുരം- കേരളത്തിൽ വീടുകളിൽ നിന്നും കോവിഡ് പകരുന്നവരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 35 ശതമാനത്തോളം ആളുകൾക്ക് രോഗം ബാധിക്കുന്നത് വീടുകളിൽ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം കാണിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. വീട്ടിൽ ഒരാൾക്ക് കോവിഡ് വന്നാൽ ആ വീട്ടിലെ എല്ലാവർക്കും കോവിഡ് വരുന്ന അവസ്ഥയാണുള്ളത്. ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. വീട്ടിൽ സൗകര്യമുള്ളവർ മാത്രമേ ഹോം ക്വാറന്റൈനിൽ കഴിയാവൂ. അല്ലാത്തവർക്ക് ഇപ്പോഴും ഡി.സി.സി.കൾ ലഭ്യമാണ്. ഹോം ക്വാറന്റൈനിൽ കഴിയുന്നവർ മുറിയിൽ നിന്നും പുറത്തിറങ്ങരുത്. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുത്. ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്. ഓരോ വീട്ടിലും കോവിഡ് എത്താതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും വീണ ജോർജ് വ്യക്തമാക്കി.