Sorry, you need to enable JavaScript to visit this website.

കേൾക്കുക, സൗദിയിൽനിന്നുള്ള ഈ കരുണയുടെ വാർത്ത, എസ്.എം.എ ബാധിച്ച ബാലികയുടെ ചികിത്സക്ക് പതിനാറു കോടി നൽകി 

റിയാദ് - സ്വന്തം പൗരന്മാരോടുള്ള സൗദി ഭരണകൂടത്തിന്റെ ശ്രദ്ധക്കും പരിചരണത്തിനും ദയാവായ്പിനും നിദർശനമായി, അത്യപൂർവമായ ജനിതക പേശിരോഗം ബാധിച്ച സൗദി ബാലികക്ക് ദശലക്ഷണക്കിന് റിയാൽ വില വരുന്ന മരുന്ന് സൗദി അറേബ്യ സൗജന്യമായി ലഭ്യമാക്കി. നികുതികൾ കൂടാതെ 80 ലക്ഷം റിയാൽ (പതിനാറു കോടിയോളം ഇന്ത്യൻ രൂപ) വില വരുന്ന മരുന്നാണ് സൗദി ബാലികയുടെ ചികിത്സക്കു വേണ്ടി സൗജന്യമായി ലഭ്യമാക്കിയത്. 
അത്യപൂർവ ജനിതക രോഗം ബാധിച്ച പൗരന്മാർക്ക് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കുന്നില്ലെന്നു മാത്രമല്ല, പതിനായിരക്കണക്കിന് ഉദാരമതികളുടെ സഹായത്തോടെ സമാഹരിക്കുന്ന തുക ഉപയോഗിച്ച് വിദേശത്തു നിന്ന് എത്തിക്കുന്ന മരുന്നിന് ചില രാജ്യങ്ങൾ നികുതിയിനത്തിൽ കോടിക്കണക്കിന് രൂപ വസൂലാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ 80 ലക്ഷം റിയാൽ വില വരുന്ന് സൗദി അറേബ്യ സൗജന്യമായി ലഭ്യമാക്കിയത്. ഒരു ഇൻജക്ഷന് 80 ലക്ഷം റിയാൽ വില വരുന്ന സൊൾഗെൻസ്മ മരുന്ന് കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയാണ് പ്രത്യേകം ഇറക്കുമതി ചെയ്തത്. ലോകത്തെ ഏറ്റവും വിലയേറിയ മരുന്നാണ് സൊൾഗെൻസ്മ. പേശികളെ വളരെയധികം ദുർബലമാക്കുന്ന ജനിതക വൈകല്യം മൂലമുണ്ടാകുന്ന മാരകമായ എസ്.എം.എ എന്ന പേരിൽ അറിയപ്പെടുന്ന സ്‌പൈനൽ മസ്‌കുലാർ അട്രോഫിക്കുള്ള ചികിത്സക്കാണ് സൊൾഗെൻസ്മ മരുന്ന് ഉപയോഗിക്കുന്നത്. 
സൗദി പൗരൻ മുസാഅദ് അൽശഹ്‌റാനിയുടെ പിഞ്ചു മകൾക്കാണ് 80 ലക്ഷം റിയാൽ വില വരുന്ന മരുന്ന് റിയാദ് കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രി സൗജന്യമായി ലഭ്യമാക്കിയത്. കിംഗ് ഫൈസൽ ആശുപത്രിയിൽ വെച്ച് മകൾക്ക് മരുന്ന് ലഭ്യമാക്കി. എസ്.എം.എ രോഗത്തിനുള്ള ചികിത്സക്ക് ഈ മരുന്ന് അനുയോജ്യമാണെന്ന് ഭരണാധികാരികൾ ഉറപ്പുവരുത്തിയതോടെ ഒറ്റ ഇൻജക്ഷന് 80 ലക്ഷം റിയാൽ വില വരുന്ന് മരുന്ന് രാജ്യത്തെത്തിക്കാൻ കാലതാമസം വരുത്തിയില്ല. സൗദിയിൽ മനുഷ്യ ജീവൻ അമൂല്യമാണ്.....മുസാഅദ് അൽശഹ്‌റാനിട്വീറ്റ് ചെയ്തു. സ്വിറ്റ്‌സർലാന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽസ് കമ്പനിയായ നൊവാർട്ടിസ് ആണ് സൊൾഗെൻസ്മ ഉൽപാദിപ്പിക്കുന്നത്. 21 ലക്ഷം ഡോളറിനാണ് പൊതുജനങ്ങൾക്ക് കമ്പനി ഈ മരുന്ന് വിൽക്കുന്നത്. സ്‌പൈനൽ മസ്‌കുലാർ അട്രോഫിക്കുള്ള ചികിത്സക്ക് ഈ മരുന്ന് ഉപയോഗിക്കാൻ 2019 ലാണ് അമേരിക്കൻ അധികൃതർ അനുമതി നൽകിയത്.
 

Latest News