ബത്തേരി-യുവതിയെ ദേഹത്തു മണ്ണെണ്ണ ഒഴിച്ചു തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഓടപ്പള്ളം പ്ലാക്കാട്ട് ഉണ്ണിക്കൃഷ്ണനെയാണ്(46) ബത്തേരി പോലീസ് അറസ്റ്റുചെയ്തത്. ഗുരുതരമായി തീപ്പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയാണ് ഉണ്ണിക്കൃഷ്ണന്റെ ഭാര്യ ഷിനി(41) മരിച്ചത്. ഭര്‍ത്താവ് ദേഹത്തു മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നുവെന്നു ഇവര്‍ മരണത്തിനുമുമ്പ് മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയിരുന്നു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു ഷിനിക്ക് പൊള്ളലേറ്റത്. ദേഹത്തു ആളുന്ന തീയുമായി ഷിനി വീടിനു പുറത്തേക്കു ഓടുന്നത് സൊസൈറ്റിയില്‍ പാല്‍ അളന്നു മടങ്ങുകയായിരുന്ന പരിസരവാസിയാണ് ആദ്യം കണ്ടത്. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തി ഷിനിയെ താലൂക്ക് ഗവ.ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നിന്നു കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.
മരം വെട്ട് തൊഴിലാളിയാണ് ഉണ്ണിക്കൃഷ്ണന്‍. മദ്യലഹരിയിലാണ് ഇയാള്‍ ക്രൂരകൃത്യം ചെയ്തതെന്നാണ് പോലീസിനു ലഭിച്ച സൂചന. ഭര്‍ത്താവ് നിരന്തരം പീഡിപ്പിക്കുന്നതായി ഷിനി മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഷിനിക്കു പൊള്ളലേറ്റ സമയം ഇളയ മകനും വീട്ടിലുണ്ടായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ചതന്നെ ഉണ്ണിക്കൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകത്തിനുള്ള വകുപ്പ് ചേര്‍ത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മക്കള്‍: അമല്‍ കൃഷ്ണ, അതുല്‍ കൃഷ്ണ.
പടം-ഷിനി, ഉണ്ണിക്കൃഷ്ണന്‍.






