Sorry, you need to enable JavaScript to visit this website.

ഉത്ര വധക്കേസില്‍ ഡമ്മി പരീക്ഷണം; മൂർഖനെ കൊണ്ട് കടിപ്പിച്ച ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം- ഉത്ര വധക്കേസില്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച ഡമ്മി പരീക്ഷണത്തിന്‍ ദൃശ്യങ്ങള്‍ പുറത്ത്. . വനംവകുപ്പിന്റെ അരിപ്പ ട്രെയിനിങ് സെന്ററിലായിരുന്നു ഡമ്മി പരിശോധന. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും രേഖകളും പോലീസ് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അന്തിമ വാദം പൂർത്തിയായ കേസില്‍ വിധി പറയുന്ന തീയതി  നാളെ കോടതി പറയുമെന്നാണ് കരുതുന്നത്.

കൊല്ലം മുന്‍ റൂറല്‍ എസ്.പി. എസ് ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന്റെ ഡമ്മി പരീക്ഷണം നടത്തിയത്.

ഉത്രയുടെ ശരീരഭാരത്തിലുള്ള ഡമ്മിയില്‍ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയും മുറിവിന്റെ ആഴം കണ്ടെത്തുകയുമായിരുന്നു ലക്ഷ്യം. സ്വാഭാവികമായി പാമ്പ് കടിയേല്‍ക്കുമ്പോളും പാമ്പിനെ കൊണ്ട് കടിപ്പിക്കുമ്പോഴും തമ്മിലുള്ള വ്യത്യാസം ഇതിലൂടെ വ്യക്തമാക്കുകയായിരുന്നു ലക്ഷ്യം.

150 സെ.മി നീളമുള്ള മൂര്‍ഖന്‍ പാമ്പാണ് ഉത്രയെ കടിച്ചത്. ഈ നീളത്തിലുള്ള ഒരു പാമ്പ് കടിച്ചാല്‍ 1.7 സെ മീ നീളമുള്ള മുറിവാണ് ശരീരത്തില്‍ സാധാരണ ഉണ്ടാവുക. എന്നാല്‍ ഉത്രയുടെ ശരീരത്തില്‍ 2.5 ഉം 2.8 ഉം നീളമുള്ള രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചാല്‍ മാത്രമേ ഇത്രയും വലിയ പാടുകള്‍ വരികയുള്ളു എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണം നടത്തിയത്. 

Latest News