ന്യൂദല്‍ഹി- രാജ്യത്ത് പോലീസ് ഓഫീസര്‍മാര്‍ ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന മോശം പ്രവണത ഉണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. ഭരണകക്ഷിയുടെ പ്രീതി ആഗ്രഹിക്കുന്ന പോലീസ് ഓഫീസര്‍മാര്‍ തങ്ങളുടെ അധികാരം ദുര്‍വിനിയോഗം ചെയ്ത് രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കുന്നുണ്ടെന്നും പോലീസ് കര്‍ശനമായി നിയമവാഴ്ചയില്‍ ഉറച്ചു നില്‍ക്കണമെന്നും ശക്തമായ ഭാഷയില്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഈ പ്രവണതയ്ക്ക് ഉത്തരവാദികള്‍ പോലീസ് തന്നെയാണെന്നും കോടതി പറഞ്ഞു. രാജ്യദ്രോഹ കുറ്റംചുമത്തപ്പെട്ട് സസ്‌പെന്‍ഷനിലായ ഛത്തീസ്ഗഢിലെ ഒരു ഐപിഎസ് ഓഫീസറുടെ ഹര്‍ജിയില്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യത്തില്‍ ശക്തമായ പ്രതികരണം നടത്തിയത്. മുന്‍ ബിജെപി സര്‍ക്കാരുമായി അടുപ്പമുണ്ടായിരുന്നു എന്ന പേരില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ പീഡിപ്പിക്കുയാണെന്നായിരുന്നു 1994 ബാച്ച് ഐപിഎസ് ഓഫീസറായ ഗുര്‍ജിന്ദര്‍ പാല്‍ സിങ് ഹര്‍ജിയില്‍ പരാതിപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ തനിക്കെതിരെ ചുമത്തിയ കേസുകള്‍ റദ്ദാക്കാന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. ഗുര്‍ജിന്ദര്‍ പാല്‍ സിങിനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നതടക്കം നിരവധി കേസുകള്‍ ഈ ഓഫീസര്‍ക്കെതിരെ നിലവിലുണ്ട്.






